തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിൽ സംഘർഷം . മന്ത്രി കെ രാജുവിന്‍റെ വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനവും സംഘര്‍ഷത്തിൽ കലാശിച്ചതോടെ സെക്രട്ടേറിയറ്റ് പരിസരത്ത് ഒരു മണിക്കൂറോളം സംഘ‌‌ർഷാവസ്ഥ നിലനിന്നു. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഡീൻ കുരിയാക്കോസിന്‍റെ അനിശ്ചിതകാല നിരാഹാര സമരപന്തലിന് മുന്നിലൂടെ കടന്നു പോയ മന്ത്രി കെ രാജുവിന്‍റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന്‍റെ തുടക്കം . വഴിമുടക്കിയ സമരക്കാരെ മാറ്റാനുള്ള പൊലീസിന്‍റെ ശ്രമം പ്രവര്‍ത്തകര്‍ ചെറുത്തു. ഉന്തു തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി . നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ൽത്തിൽ പരിക്കേററ്റു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ സമരപ്പന്തലിലെത്തി.

നേതാക്കൾ മടങ്ങിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ പിന്നെയും നിരത്തിലിറങ്ങി. എംജി റോഡിൽ ഗതാഗതം തടഞ്ഞു. പൊലീസ് ഇടപെട്ട് മാറ്റിയെങ്കിലും പിന്നാലെ യൂത്ത് കോണൺഗ്രസ് കെഎസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തി. അതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ചിതറിയോടി. ഒരു മണിക്കൂറോളം സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ ഗതാഗതം മുടങ്ങി