അടൂർ പ്രകാശിന് കെ എം മാണിയോട് വൈരാഗ്യമുണ്ടായിരുന്നു അടൂർ പ്രകാശിന്റെ വാക്കുകൾ രമേശ് ചെന്നിത്തല വിശ്വസിച്ചു ആരോപണവുമായി യൂത്ത് ഫ്രണ്ട് (എം) 

തിരുവനന്തപുരം: അടൂര്‍ പ്രകാശിനും ബിജു രമേശിനുമെതിരെ ആരോപണവുമായി യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍. അടൂർ പ്രകാശും ബിജു രമേശും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ബാർ കോഴക്കേസ്. അടൂർ പ്രകാശിന് കെ എം മാണിയോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അടൂർ പ്രകാശിന്റെ വാക്കുകൾ രമേശ് ചെന്നിത്തല വിശ്വസിച്ചുവെന്നും സജി പറഞ്ഞു. 

മൂന്നു തവണയായി കെഎം മാണിയ്ക്ക് ഒരു കോടി നൽകിയെന്നാണ് ബാറുടമകള്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ ബാറുടമകളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസിൽ കെഎം മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഒരു കോടി 57 ലക്ഷത്തില്‍ 49000 രൂപയാണ് നിയമഫണ്ടിലേക്ക് ബാറുടമകളുടെ സംഘടന പിരിച്ചത്.

പണം നൽകിയ എല്ലാ അംഗങ്ങൾക്കും രസീത് നൽകിയില്ല. ഓഫീസിൽ നിന്നും പിടിച്ചെടുത്ത ക്യാഷ് ബുക്കിൽ വ്യക്തമായി പണമിടപാടില്ല. സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന ധനേഷിൻറെ മൊഴികള്‍ പരിസ്പരവിരുദ്ധമാണ്. കെ.എം.മാണി പണം ചോദിച്ചതിനോ ബാറുമടകള്‍ നൽകിയതിനോ ഒരു തെളിവുമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കെ എം മാണിക്കെതിരെ മുന്നോട്ട് പോകാന്‍ തക്ക തെളിവുകളുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി സതീശന്‍റെ നിലപാട്. കേസ് അട്ടിമറിച്ചുവെന്ന കെ.പി സതീശന്‍റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.