ബോസ്റ്റണ്‍: നിശബ്ദമായിരുന്ന ലൈബ്രററിയുടെ അന്തരീക്ഷം പെട്ടന്നാണ് ആളുകളുടെ നിലവിളിയ്ക്ക് വഴിമാറിയത്. നിശബ്ദനായി എത്തിയ കൊലയാളിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പുറമേ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ലൈബ്രറിയില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു എഴുപത്തിമൂന്നുകാരിയെ പത്തിഞ്ച് നീളമുള്ള വേട്ടക്കത്തിയുപയോഗിച്ച് ജെഫ്രി യോ എന്ന യുവാവ് വെട്ടി വീഴ്ത്തിയത്. പിന്‍ കഴുത്തില്‍ വെട്ടേറ്റ് നിലത്ത് വീണ വൃദ്ധയുടെ നെഞ്ചിലും വയറിലുമായി നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്. വൃദ്ധയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് കുത്തേറ്റത്. 

രക്തത്തില്‍ കുളിച്ച് കിടന്ന വൃദ്ധയെ വീണ്ടും വീണ്ടും കുത്തിയ ഇയാള്‍ ഇവരുടെ ശരീരം റൂമിന് വെളിയിലേയ്ക്ക് വലിച്ചിഴയ്ക്കാനും ശ്രമിച്ചു. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. അമേരിക്കയിലെ ബോസ്റ്റണിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 

കൊല്ലപ്പെട്ട വൃദ്ധയുടെ വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. വൃദ്ധയെ ദാരുണമായി കൊല ചെയ്യാനുള്ള കാരണവും ഇത് വരെ വ്യക്തമല്ല. വൃദ്ധയുടെ അയല്‍വാസിയാണ് സംഭവത്തില്‍ പിടിയിലായ യുവാവ്. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.