ദില്ലി എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ യുവമോര്‍ച്ചയുടെ ഗോ പൂജ. കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നടപടിയെ അപലപിച്ചാണ് പ്രതിഷേധ സൂചകമായി ഗോപൂജ നടത്തുന്നത്. വിവരങ്ങളുമായി കൗസര്‍.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ അറുത്ത് പ്രതിഷേധിച്ചത്. സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും എ.കെ ആന്റണിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കിയവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയു. എന്നാല്‍ വിഷയം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാക്കാനും പ്രതിഷേധിക്കാനുമാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്ന് രാവിലെ 11 മണിയോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഒരു പശുക്കുട്ടിയെ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ കൊണ്ടുവന്ന് ഗോപൂജ നടത്തിയത്. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.