മുംബൈ: ധാക്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി വിവാദ ഇസ്ലാമിക പ്രഭാഷകന്‍ ഡോ.സക്കീര്‍ നായിക്. ബംഗ്ലാദേശില്‍ നിരവധി അനുയായികളുള്ള ഇസ്ലാംമത പണ്ഡിതനാണ് ഡോ.നായിക്. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. നായിക് സ്വന്തം നിലപാട് വ്യക്തമാക്കുന്നത്.

ധാക്കയില്‍ ആക്രമണം നടത്തിയ ഇസ്ലാമിക ഭീകരരില്‍ ഒരാളായ റോഹന്‍ ഇംതിയാസ് ഡോ.നായികിന്‍റെ പ്രസംഗങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡോ.നായികിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് ഇതോടെ ആരോപണം ശക്തമായി. 

എന്നാല്‍ താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് നായിക് പറയുന്നു. താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു അന്വേഷണ ഏജന്‍സിയും പറഞ്ഞിട്ടില്ല. തന്‍റെ എല്ലാ പ്രസംഗങ്ങളും ആഭ്യന്തര മന്ത്രാലയം പരിശോധിക്കണം. നിരവധി പേര്‍ക്ക് പ്രചോദനമായ തനിക്ക് നിരവധി അനുയായികളുണ്ട്. 
എന്നാല്‍ അവരെ തനിക്ക് വ്യക്തിപരമായി അറിയില്ല. തന്‍റെ പ്രതിഛായ മോശമാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും എനിക്ക് ഭയമാണ്. തന്‍റെ ചിത്രവും പ്രസംഗവും ദുരുപയോഗം ചെയ്ത് അവര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഡോ.നായിക് പറയുന്നു.

ഭീകരതയെ താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിധത്തില്‍ പ്രചരിക്കുന്ന തന്‍റെതെന്ന് പറയുന്ന വീഡിയോ വ്യാജമാണ്. മുസ്ലീംകള്‍ക്ക് ആരെയും ഭീകരരാക്കാന്‍ കഴിയില്ല. ജനങ്ങളെ കൊന്നൊടടുക്കുന്നവര്‍, അവര്‍ മുസ്ലീംകളോ അമുസ്ലീംകളോ, ആരായാലും നരകത്തില്‍ പോകുമെന്നു തന്നെയാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ഡോ.നായിക് പറയുന്നു. 

തന്റെ സിംഗപ്പൂര്‍ പ്രസംഗത്തില്‍ ഉസാമ ബിന്‍ ലാദനെ അനുകൂലിച്ചുവെന്ന വാദം ശരിയല്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണ്. ലാദനെ താന്‍ ഭീകരനെന്നോ വിശുദ്ധനെന്നോ വിളിച്ചിട്ടില്ല. അയാളെ താന്‍ അറിയുക പോലുമില്ലെന്നും നായിക് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഡോ.നായികിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന അടക്കം മുന്നോട്ടുവന്നിട്ടുണ്ട്. ശിവസേന നായികിന്‍റെ മുംബൈയിലെ ഓഫീസിനു മുന്നില്‍ പ്രതിഷേധവും നടന്നിരുന്നു.