പുണ്യജലമായ സംസമിന്റെ സംരക്ഷണവും വിതരണവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് നവീകരണത്തിന്റെ ലക്ഷ്യം.  

ജിദ്ദ: നവീകരണം പൂര്‍ത്തിയായതോടെ സംസം കിണറിനേര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ചൊവ്വാഴ്ച മുതല്‍ തീര്‍ഥാടകര്‍ക്ക് സാധാരണ പോലെ ഹറം പള്ളിയില്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനാകും.

കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സംസം കിണറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം പൂര്‍ത്തിയാകും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പണി ഇതിനകം പൂര്‍ത്തിയായതായി മക്ക ഗവര്‍ണറെറ്റ് അറിയിച്ചു. 

ഹറം പള്ളിയില്‍ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന മതാഫ് ഇതോടെ പൂര്‍വ സ്ഥിതിയിലാകും. ഈ മാസം ഇരുപത്തിയേഴിനു ചൊവ്വാഴ്ച മതാഫ് പൂര്‍ണമായും തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുക്കുമെന്ന് ഗവര്‍ണരേറ്റ് അറിയിച്ചു. ഉംറ നിര്‍വഹിക്കുന്നവരെ മാത്രമേ നിലവില്‍ മതാഫിലെക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. 

നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ പണി പൂര്‍ത്തിയായത് ധനകാര്യ മന്ത്രാലയത്തിന്റെയും, ഹറം കാര്യ വിഭാഗത്തിന്റെയും നേട്ടമാണെന്ന് ഗവര്‍ണറേറ്റ് പറഞ്ഞു. സംസം കിണറിന്റെ ഭാഗത്തേക്ക് കിഴക്ക് ഭാഗത്ത് നിന്നും നിര്‍മിക്കുന്ന അഞ്ച് പാലങ്ങളുടെ പണിയാണ് പൂര്‍ത്തിയായത്. എട്ടു മീറ്റര്‍ വീതിയും നൂറ്റി ഇരുപത് മീറ്റര്‍ നീളവും ഈ പാലങ്ങള്‍ക്ക് ഉണ്ട്. പുണ്യജലമായ സംസമിന്റെ സംരക്ഷണവും വിതരണവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് നവീകരണത്തിന്റെ ലക്ഷ്യം.