തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം നീണ്ടു പോകുന്നതിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ. എവിടെയാണ് മത്സരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റാത്ത ഒരാൾ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്നും അഡ്വ ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവർ ചർച്ചയിൽ ചോദിച്ചു. 

താൻ എവിടെയാണ് മത്സരിക്കാൻ പോകുന്നത് എന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണ് അത് എടുക്കാതെ നീട്ടി നീട്ടി കൊണ്ട് പോകുകയാണ് ഇപ്പോൾ, ഇതിന് സിപിഎമ്മിനെയും ബിജെപിയെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ജയശങ്കർ പറയുന്നു.

മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും സഹതാപമുണ്ടെന്ന് പറ‍ഞ്ഞ ജയശങ്കർ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം രാഹുൽ ഗാന്ധിക്ക് തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം രാഹുൽ ഗാന്ധിക്കുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് നിലവിൽ അനുവദിനീയവുമാണ്. എന്നിട്ടും അദ്ദേഹം വൈകിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ജയശങ്കർ പറയുന്നു. 

ആരെയെങ്കിലും കുറ്റം പറയണമെന്നുള്ളത് കൊണ്ടാണ് മുല്ലപ്ഫള്ളിയിപ്പോൾ സിപിഎമ്മിനെകുറ്റം പറയുന്നത് എന്ന് ആവർത്തിച്ച ജയശങ്കർ. നിലവിലെ പ്രതിസന്ധിക്ക് സിപിഎമ്മിനെ കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല എന്ന് വ്യക്തമാക്കി. വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കേണ്ടതില്ല എന്ന് വേണമെങ്കിൽ രാഹുലിന് തീരുമാനിക്കാമെന്ന് പറഞ്ഞ ജയശങ്കർ  അത് വൈകുന്നതിന്‍റെ ഉത്തരവാദിത്വം രാഹുലിന് മാത്രമാണെന്ന് ആവർത്തിച്ചു.