തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അവസരത്തിൽ അത്രമേൽ അടിയന്തരമല്ലാത്തൊരു ആവശ്യത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിൻമാറണമായിരുന്നുവെന്ന് അഭിഭാഷകനായ എം ആർ അഭിലാഷ്. അത് അദ്ദേഹത്തിന്‍റെ ധാർമികമായ കടമയായിരുന്നു. ദേശസുരക്ഷ എന്ന ഘടകം ഉൾക്കൊള്ളുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടാനുള്ള സാധ്യത കുറവാണ്. പക്ഷേ ഇത് തെരെഞ്ഞടുപ്പ് നടപടിച്ചട്ടത്തിന് വിരുദ്ധം തന്നെയാണെന്നും എംആർ അഭിലാഷ് പറഞ്ഞു.

ദേശസുരക്ഷ എന്ന വാക്കിന്‍റെ ശീതളിമയിൽ തെരഞ്ഞെടുപ്പ് കമ്മീഷനിത് പരിഗണിക്കാതിരുന്നേക്കാം. എന്നാൽ, നേട്ടങ്ങളെക്കുറിച്ച് പബ്ലിസിറ്റി ഉണ്ടാക്കാൻ ഇലക്ഷൻ പ്രഖ്യാപനശേഷം അധികാരത്തിലിരിക്കുന്ന പാർട്ടി ശ്രമിക്കരുതെന്നും അതിന് വേണ്ടി മാധ്യമങ്ങളെ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ പ്രത്യേകമായി പറയുന്നുണ്ട്. അതറിയാമായിരുന്ന പ്രധാനമന്ത്രി  പ്രഖ്യാപനത്തിൽ നിന്ന് മാറി നിൽക്കണമായിരുന്നുവെന്നും എംആർ അഭിലാഷ് പറഞ്ഞു.

അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി അല്ലാത്തൊരാളാണ് ഇത്തരത്തിൽ ചട്ടം തെറ്റിക്കുന്നതെങ്കിൽ അയാളുടെ സ്ഥാനാർത്ഥിത്വം തന്നെ നഷ്ടമായേക്കാമെന്നും അഭിലാഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അഡ്വേക്കറ്റ് എംആർ അഭിലാഷ്.