തിരുവനന്തപുരം: രാഹുൽ ഗാന്ധി എവിടെ മത്സരിക്കുമെന്നത് സിപിഎമ്മിന്‍റെ തലവേദനയല്ലെന്ന് എൻ എൻ കൃഷ്ണദാസ്. കോൺഗ്രസിന്‍റെ അഖിലേന്ത്യാ അധ്യക്ഷൻ എവിടെ മത്സരിക്കുന്നു എന്നതാലോചിച്ച് സമയം കളയാൻ സിപിഎമ്മിന് സമയമില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവർ ചർച്ചയിലെ കൃഷ്ണദാസിന്‍റെ പ്രതികരണം. മത നിരപേക്ഷ സർക്കാരുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോൺഗ്രസിന് ദിശാ ബോധം നഷ്ടപ്പെട്ടതായി ഈ തീരുമാനത്തോടെ വ്യക്തമായിരിക്കുന്നുവെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

സിപിഎം പോരാടുന്നത് മത നിരപേക്ഷ സർക്കാരുണ്ടാക്കാനാണ് എന്ന് വ്യക്തമാക്കിയ കൃഷ്ണദാസ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരാജയപ്പെടുത്തുമെന്ന് അവകാശപ്പെട്ടു. ഇക്കുറി ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ മൂന്നാം ബദലുമായി സിപിഎമ്മുണ്ടാകുമെന്ന് പറഞ്ഞ കൃഷ്ണദാസ്. മതനിരപേക്ഷ കക്ഷികളുടെ സർക്കാരിൽ സഖ്യ കക്ഷിയായി വേണമെങ്കിൽ കോൺഗ്രസിന് തുടരാമെന്നും കൃഷ്ണദാസ് പറ‍ഞ്ഞു. 

ഈ തെര‍ഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി ഒരു മതനിരപേക്ഷ സർക്കാർ ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത് എന്ന് ഓർമ്മിപ്പിച്ച കൃഷ്ണദാസ് ബിജെപിക്ക് കെട്ടിവച്ച കാശ് പോലും കിട്ടാത്ത മണ്ഡലത്തിൽ മത്സരിച്ചിട്ടാണോ ബിജെപിയെ  തോൽപ്പിക്കേണ്ടത് എന്ന് ന്യൂസ് അവറിൽ ചോദിച്ചു. 

കേരളത്തിൽ രാഹുൽ വന്നാൽ തരംഗമുണ്ടാകില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ സിപിഎം നേതാവ്, അമേഠിയിൽ തോൽക്കുമെന്ന് പേടിച്ചാണ് രാഹുൽ വയനാട്ടിലേക്ക് മത്സരിക്കാനെത്തുന്നതെന്ന ആരോപണം ആവർത്തിച്ചു. അമേഠിയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ നാല് മണ്ഡലങ്ങളിൽ ബിജെപിയാണ് ഒന്നാമതെന്ന് ‌ഓർമ്മിപ്പിച്ച കൃഷ്ണദാസ് ഇത് ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത് എന്ന് പരിഹസിച്ചു. എസ്പി ബിഎസ്പി സ്ഥാനാർത്ഥികൾ മത്സരിക്കാത്ത സ്ഥിതിക്ക് അമേഠിയിൽ സ്മൃതി ഇറാനി ജയിക്കുമെന്നാണോ പറയുന്നത് എന്ന ചോദ്യത്തിൽ നിന്ന് പക്ഷേ എൻ എൻ ക‍ൃഷ്ണദാസ് ഒഴിഞ്ഞുമാറി.