Asianet News MalayalamAsianet News Malayalam

വയസ് 34, രണ്ട് കുട്ടികളുടെ അമ്മ; വിംബിള്‍ഡണില്‍ ചരിത്ര നേട്ടവുമായി ജര്‍മന്‍ താരം താത്ജാന മരിയ

2007ല്‍ ഗ്രാന്‍സ്ലാമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതിന് മുന്‍പ് രണ്ടാം റൗണ്ടിനപ്പുറം കടന്നത് ഒരിക്കല്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച മരിയ ആറ് മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

At 34 Tatjana Maria reaches Wimbledon semifinals for first time
Author
London, First Published Jul 6, 2022, 11:48 AM IST

ലണ്ടന്‍: വിംബിള്‍ഡണില്‍ (Wimbledon) ചരിത്രനേട്ടവുമായി ജര്‍മന്‍ താരം താത്ജാന മരിയ. 34-ാം വയസില്‍ ആദ്യ ഗ്രാന്‍സ്ലാം സെമിഫൈനല്‍ ബെര്‍ത്ത് നേടിയാണ് മരിയ എല്ലാവരേയും അമ്പരപ്പിച്ചത്. ക്വാര്‍ട്ടറില്‍ നാട്ടുകാരിയായ ജൂലി നെയ്മിയറെ തോല്‍പിച്ചാണ് മരിയയുടെ (Tatjana Maria) മുന്നേറ്റം. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജയം. രണ്ട് മക്കളുടെ അമ്മയായ മരിയയുടെ നാല്‍പ്പത്തിയാറാം ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്. 

2007ല്‍ ഗ്രാന്‍സ്ലാമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതിന് മുന്‍പ് രണ്ടാം റൗണ്ടിനപ്പുറം കടന്നത് ഒരിക്കല്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച മരിയ ആറ് മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതോടെ ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍സ്ലാം സെമിയിലെത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടവും മരിയ സ്വന്തമാക്കി.

പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചിന് (Novak Djokovic) പിന്നാലെ ആതിഥേയതാരം കാമറൂണ്‍ നോറിയും സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഡേവിഡ് ഗോഫിനെ കീഴടക്കിയാണ് വിംബിള്‍ഡണില്‍ അവസാന നാലിലെത്തിയത്. സ്‌കോര്‍ 3-6, 7-5, 2-6, 6-3, 7-5. ജോക്കോവിച്ചാണ് സെമിയില്‍ നോറിയുടെ എതിരാളി. 

'ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉത്തരവാദിത്തം മറന്നു'; തോല്‍വിക്ക് ശേഷം കുറ്റപ്പെടുത്തലുമായി രാഹുല്‍ ദ്രാവിഡ്

അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് നിലവിലെ ചാംപ്യന്‍ ജോകോവിച്ച് സെമിഫൈനലിലെത്തിയത്. ഇറ്റാലിയന്‍ താരം യാനിക് സിന്നറിനെതിരെ ആദ്യ രണ്ട് സെറ്റും നഷ്ടമായ ശേഷമായിരുന്നു ജോകോവിച്ചിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മൂന്ന് മണിക്കൂറും മുപ്പത്തിയാറ്
മിനിറ്റും നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ജോക്കോവിച്ചിന്റെ ജയം.

കരിയറിലെ 43-ാം ഗ്രാന്‍സ്ലാം സെമി ഫൈനലിന് യോഗ്യത നേടിയ ജോകോവിച്ച് അവസാന ഇരുപത്തിയാറ് കളിയില്‍ വിംബിള്‍ഡണില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ജോകോവിച്ച് ഇത്തവണ വിംബിള്‍ഡണില്‍ മത്സരിക്കുന്നത്. സെമിഫൈനല്‍ ലക്ഷ്യമിട്ട് രണ്ടാം സീഡ് റാഫേല്‍ നദാല്‍ ഇന്ന് ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ നേരിടും.

അശ്വിനെ കളിപ്പിക്കാത്തതിന് ഇന്ത്യ കനത്ത വില നല്‍കി; രൂക്ഷവിമർശനവുമായി മുന്‍താരം

ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലിനെത്തും. അമേരിക്കാന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് എതിരാളി. മറ്റൊരു ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗ്യോസ് ചിലെയുടെ ക്രിസ്റ്റിയന്‍ ഗാരിനെ നേരിടും. മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- മേറ്റ് പാവിച്ച് സഖ്യവും ഇന്നിറങ്ങും. വൈകിട്ട് 7.25നാണ് മത്സരം.

Follow Us:
Download App:
  • android
  • ios