മിസൈൽ ഭീഷണിയെ തുടർന്ന് മുംബൈ-ദുബായ് എമിറേറ്റ്സ് വിമാനത്തിന് ദുബായിൽ ലാൻഡ് ചെയ്യുന്നതിന് മുമ്പ് അത്യപൂർവമായ ഡബിൾ റിവേഴ്സ് തന്ത്രം പ്രയോഗിച്ചു. മടങ്ങുന്നുവെന്ന് വരുത്തിത്തീർത്ത് വിമാനം സുരക്ഷിതമായി ദുബായിൽ തന്നെ ലാൻഡ് ചെയ്യിക്കുകയായിരുന്നു.
ദില്ലി: മിസൈൽ ഭീഷണിയെത്തുടർന്ന് മുംബൈ-ദുബായ് എമിറേറ്റ്സ് വിമാനത്തിന് ലാൻഡ് ചെയ്യുന്നതിന് മുമ്പ് അപൂർവമായ ഡബിൾ റിവേഴ്സ് നടത്തേണ്ടി (വിമാനം ലാൻഡ് ചെയ്യാതെ തിരിച്ച് പറക്കുകയും എന്നാൽ തിരിച്ച് വരുകയും ചെയ്യുന്ന രീതി) വന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാവിലെ ദുബായ് വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് എമിറേറ്റ്സ് വിമാനം - EK501- ന് യുഎഇ പ്രതിരോധ മന്ത്രാലയത്തിൽനിന്ന്, ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് ചെയ്തു. വിമാനം അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് പൈലറ്റുമാർ ഡബിൾ റിവേഴ്സ് തന്ത്രം ഉപയോഗിച്ചത്. മുംബൈയിലേക്ക് തിരികെ പോകുന്നത് പോലെ നടിച്ച് ഗതി തിരിച്ചുവിട്ട് ദുബായിലേക്ക് തന്നെ മടങ്ങി.
വിമാനം അതിന്റെ പാത തിരിച്ചുവിടുകയും, തിരികെ പറന്ന് തുടർച്ചയായി രണ്ടുതവണ വേഗത്തിൽ തിരിച്ചുവരികയും ചെയ്യുന്ന ഒരു വ്യോമയാന നീക്കമാണ് ഡബിൾ റിവേഴ്സ് മാന്യൂവർ. പിന്തുടരുന്ന വിമാനത്തെ ആശങ്കപ്പെടുത്താനോ അല്ലെങ്കിൽ ഓവർഷൂട്ട് ചെയ്യാൻ നിർബന്ധിക്കാനോ ആണ് സാധാരണയായി ഇത് ചെയ്യുന്നത്. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണം തടഞ്ഞെങ്കിലും, രാജ്യത്തിലൂടെയുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചു. ഇന്ത്യൻ വിമാനക്കമ്പനികൾ ഷെഡ്യൂളുകൾ ക്രമീകരിക്കുകയും നിയന്ത്രിത പ്രദേശങ്ങൾ ഒഴിവാക്കുന്നതിനായി ബദൽ റൂട്ടുകളിലൂടെ ദീർഘദൂര പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. ജിദ്ദയിൽ നിന്ന് ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്തിക്കുന്നതിനായി 10 ഇൻഡിഗോ വിമാനങ്ങളും ദുരിതാശ്വാസ സേവനങ്ങൾ നടത്തി.
ഫെബ്രുവരി 28 ന് യുഎസ്, ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെട്ട സൈനിക സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ജിസിസി, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായി ഏകദേശം 13,000 വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
