ദില്ലി: കൊവിഡ് പ്രതിരോധത്തിന് സഹായവുമായി ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം മേരി കോം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാനാണ് മേരി കോമിന്റെ തീരുമാനം. രാജ്യസഭ എംപയായി മേരി കോം തന്റെ മാസശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ആറ് തവണ ലോക ചാംപ്യനായിട്ടുള്ള മേരി കോം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരം തുടര്‍ന്നു... ''ലോകമെമ്പാടും കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഞാന്‍ എന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നു. എന്റെ അക്കൗണ്ടില്‍ നിന്ന് ഇത്രയും രൂപ ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് മാറ്റണം.'' മേരി കോം ബാങ്കിന് എഴുതിയ കത്തില്‍ പറഞ്ഞു.

2016ലാണ് മേരി കോം രാജ്യസഭ എംപി ആയത്. നേരത്തെ ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കാന്‍ മേരി കോമിന് സാധിച്ചിരുന്നു. രണ്ടാം തവണയാണ് മണിപ്പൂരി താരം ഒളിംപിക്‌സിന് യോഗ്യത നേടുന്നത്.