ഹൈദരാബാദ്: ലോക ചാമ്പ്യൻഷിപ്പിലെ കിരീടനേട്ടം വിമർശകർക്കുള്ള മറുപടിയാണെന്ന് പി വി സിന്ധു. കഴിഞ്ഞ രണ്ട് ഫൈനലുകളിൽ തോറ്റപ്പോൾ എന്നെ പലരും വിമർശിച്ചു. ഏറെ ദേഷ്യവും സങ്കടവും തോന്നിയിരുന്നു. അവ‍ർക്കെല്ലാം റാക്കറ്റുകൊണ്ട് മറുപടി നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണിപ്പോൾ ലോക ചാമ്പ്യൻഷിപ്പിലൂടെ സാധിച്ചിരിക്കുന്നതെന്നും സിന്ധു പറഞ്ഞു.

ഒളിംപിക് സ്വര്‍ണം ആണ് ഇനി എന്നില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് എന്നറിയാം. ഒളിംപിക്സിലേക്ക് അധികം ദൂരമില്ല. എന്നാല്‍ അടിവെച്ച് അടിവെച്ച് മുന്നേറാനാണ് ശ്രമിക്കുന്നത്. ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ നടക്കുകയാണിപ്പോള്‍. എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നേട്ടം ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല-സിന്ധു പറഞ്ഞു.

ലോക ചാന്പ്യൻഷിപ്പിൽ സിന്ധുവിന്‍റെ അഞ്ചാം മെഡലായിരുന്നു ഇത്. 2013ലും 14ലും വെങ്കലവും 2017ലും 18ലും വെള്ളിയും സിന്ധു നേടിയിരുന്നു. അടുത്ത വ‍‌ർഷത്തെ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൂടിയാണ് നിലവിലെ വെള്ളി മെഡൽ ജേതാവായ സിന്ധു. നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയ്മുകൾക്ക് തക‍ർത്താണ് സിന്ധു ലോക ബാഡ്മിന്റണ്‍ കിരീടം നേടിയത്. ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്‍റൺ താരമാണ് സിന്ധു.