ദോഹ: വിക്ടറി ലാപ്പിലും വിക്ടറി സ്റ്റാന്‍ഡിലും ദേശീയ പതാകയും ദേശീയ ഗാനുവം കേട്ട് ശീലിച്ചവര്‍ക്ക് പുതുമയായിരുന്നു ദോഹയിലെ ലോക അത്‌ലറ്റിക് വേദിയില്‍ റഷ്യയുടെ അന്‍ഷെലിക്ക സിഡോറോവ. വനിതകളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടിയശേഷമാണ് ദേശീയ പതാകയില്ലാത്തെ സിഡോറോവ വിക്ടറി ലാപ്പില്‍ പങ്കെടുത്തത്.

പിന്നീട് മെഡല്‍ദാനച്ചടങ്ങില്‍ സിഡോറോവയുടെ കഴുത്തില്‍ സ്വര്‍ണ മെഡല്‍ അണിയിച്ചപ്പോഴാകട്ടെ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ തീം സോംഗും. ഉത്തേജമരുന്ന് ഉപയോഗത്തിന്റെ പേരില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് സിഡോറോവ ദോഹയില്‍ ന്യൂട്രല്‍ അത്‌ലറ്റായി മത്സരിക്കാനെത്തിയത്.

ദേശീയ പതാകയോ ദേശീയ ഗാനമോ മറ്റ് ദേശീയ ചിഹ്നങ്ങളോ ഉപയോഗിക്കാനാവില്ലെന്ന നിബന്ധന അംഗീകരിച്ചായിരുന്നു സിഡോറൊവ മത്സരത്തില്‍ പങ്കെടുത്തത്. നീല വസ്ത്രം ധരിച്ചെത്തിയ സിഡോറോവ തന്റെ മൂന്നാമത്തെ ചാട്ടത്തില്‍ 4.95 മീറ്റര്‍ ഉയരം താണ്ടിയാണ് സ്വര്‍ണം നേടിയത്. അമേരിക്കയുടെ സാന്‍ഡി മോറിസ് ആണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. ഗ്രീക്ക് എകടെറിനി സ്റ്റെഫാനിഡി വെങ്കലം നേടി.

റഷ്യന്‍ അത്‌ലറ്റുകള്‍ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതായി ലോക ഉത്തേജ വിരുദ്ധ ഏജന്‍സി(വാഡ) 2015ല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റഷ്യന്‍ അത്ലറ്റിക് ഫെഡറേഷനെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കിയത്. എങ്കിലും നിബന്ധനകളോടെ ചില കായിക താരങ്ങള്‍ക്ക് മാത്രം ന്യൂട്രല്‍ ആയി പങ്കെടുക്കാനുള്ള അവസരം നല്‍കുകയായിരുന്നു.