ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതാണ് സത്യവാചകം ചൊല്ലി കൊടുത്തത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റെടുത്തു. ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കമല്‍ഹാസന്‍റെ പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ രാജിവച്ചു.

കലൈജ്ഞറുടെ ഭരണം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് സ്റ്റാലിന്‍ അധികാരമേറ്റത്. മന്ത്രിസഭയില്‍ രണ്ട് പേര്‍ വനിതകളാണ്. 15 പുതുമുഖങ്ങളാണ്. ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസ്ഥാനം സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കി. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ. കോണ്‍ഗ്രസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പുനസംഘടനയില്‍ പരിഗണിക്കാമെന്ന നിലപാടിലാണ് ഡിഎംകെ. 234 അംഗ സഭയില്‍ 133 സീറ്റുമായി ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷമുണ്ട്. കമല്‍ഹാസന്‍, ശരത്കുമാര്‍, ഒ പനീര്‍സെല്‍വം, പി ചിദംബരം തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

തമിഴ്നാട് ഉപമുഖ്യമന്ത്രി,ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍, ഏഴ് തവണ എംഎല്‍എ എന്നീ അനുഭവസംമ്പത്തുമായാണ് സ്റ്റാലിന്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ചെങ്കോലേന്തുന്നത്. ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തും സ്റ്റാലിന്‍ തുടരും. ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി. പാര്‍ട്ടി ഉപാധ്യക്ഷന്‍ ആര്‍ മഹേന്ദ്രന്‍, പൊന്‍രാജ് അടക്കം മുതിര്‍ന്ന പത്ത് നേതാക്കള്‍ രാജി വച്ചു. കമലിന്‍റെ ഉപദേശകര്‍ പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് ആരോപിച്ചാണ് രാജി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona