എ.ഐ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ അറിവുകൾ പങ്കുവെക്കൽ, സഹകരണം എന്നിവയാണ് ഫലവത്താകുക.
എഴുതിയത് നിഥി സിങ്
ആഗോള എ.ഐ വികാസം രണ്ടു വ്യത്യസ്ത ദിശകളിലാണ് പുരോഗമിക്കുന്നത്. യു.എസ്, ചൈന രാജ്യങ്ങൾ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരത്തിലാണെങ്കിൽ, ആഗോള സൗത്ത് എന്ന വിശേഷണത്തിൽപ്പെടുന്ന രാജ്യങ്ങൾ മറ്റൊരു പ്രതിസന്ധിയിലാണ്. ഒരു മേഖലയിൽ പരസ്പരം മത്സരിക്കുന്നത് അവർക്ക് ഗുണം ചെയ്യില്ല, മറിച്ച് ജീവിതങ്ങൾ മാറ്റിമറിക്കാൻ കെൽപ്പുള്ള രീതിയിൽ പ്രായോഗികമായി എ.ഐ പ്രയോജനപ്പെടുത്താൻ സഹകരണം ഉറപ്പാക്കുകയാണ് അവർക്ക് യോജിച്ചത്.
Carnegie India ഡിസംബർ 2025-ൽ വിദേശകാര്യമന്ത്രാലയവുമായി ചേർന്നു സംഘടിപ്പിച്ച GTS Innovation Dialogue വെളിപ്പെടുത്തിയത് എ.ഐ വികാസത്തിനുള്ള തടസ്സങ്ങളിൽ ഒന്ന് സഹകരണത്തിലെ പ്രശ്നങ്ങളാണ്.
സഹകരണത്തിലെ കുറവുകൾ
വിവിധ തലങ്ങളിൽ എ.ഐ ഇക്കോസിസ്റ്റം വിഘടനം നേരിടുന്നുണ്ട്. ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നവർ ഒറ്റയ്ക്കാണ് ജോലി ചെയ്യുന്നത്. ഇത്, നിലവിലുള്ള സാങ്കേതികവിദ്യകൾതന്നെ ആവർത്തിക്കാൻ കാരണമാകുന്നു. അതായത് ഗർഭകാലത്തെ സ്ത്രീ പരിചരണത്തിന് ഒരു എ.ഐ ടൂൾ കെനിയയിൽ വികസിപ്പിച്ചു എന്ന് കരുതുക. ചിലപ്പോൾ അതേ ആവശ്യത്തിനുള്ള മറ്റൊരു ഉപകരണത്തിന്റെ നിർമ്മാണം ഇന്ത്യയിലും നടന്നിട്ടുണ്ടാകും. എന്നാലും ഈ രണ്ടുപേർക്കും പരസ്പരം സഹകരിക്കാനുള്ള അവസരവും ഉണ്ടാകില്ല. ഇത് കാര്യങ്ങളുടെ ഗുണം മാത്രമല്ല കുറയ്ക്കുന്നത് മറിച്ച് സാമ്പത്തിക വിഭവങ്ങളും മാനുഷിക വിഭവങ്ങളും പാഴാകാനും കാരണമാകും.
എ.ഐ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ അറിവുകൾ പങ്കുവെക്കൽ, സഹകരണം എന്നിവയാണ് ഫലവത്താകുക. കാർഷികമേഖലയിൽ ഉള്ള സഹകരണം അതിർത്തികൾക്ക് അതീതമായി ഗുണം കൊണ്ടുവരും.
ക്രിയേറ്റർ-കംപ്യൂട്ട് വിടവ്
എ.ഐ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നവരും അതിനായി കംപ്യൂട്ടർ അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നവരും തമ്മിലുള്ള വിടവാണ് മറ്റൊന്ന്. ഹൈപ്പർസ്കെയിൽ ചെയ്യുന്നവരും കംപ്യൂട്ട് പ്രൊവൈഡർമാരും പ്രായോഗികമായ എ.ഐ ഉപയോഗത്തെക്കുറിച്ച് പരിമിതമായ അടിസ്ഥാനം മാത്രമുള്ളവരാകാം. അതേ സമയം, ആപ്ലിക്കേഷൻ വികസിപ്പിക്കുന്നവർ സാങ്കേതികപരിജ്ഞാനവും അടിസ്ഥാനസൗകര്യത്തെക്കുറിച്ച് ബോധ്യമില്ലാത്തവുരം ആയേക്കാം.
ഇതിനെല്ലാം പ്രത്യാഖാതങ്ങളുണ്ട്. ഇന്ത്യയിലെ എ.ഐ ആപ്ലിക്കേഷനുകളെല്ലാം പ്രാഥമികമായി സ്മോൾ ലാംഗ്വേജ് മോഡലുകളെയാണ് ആശ്രയിക്കുന്നത്. എൽ.എൽ.എമ്മുകൾ വിരളമാണ്. ഹൈബ്രിഡ് ആർക്കിടെക്ച്ചറുകളാണ് ഇതിന് സത്യത്തിൽ യോജിച്ചത്.
ഇവിടെ വ്യക്തമായ പങ്കാളിത്തമാണ് പ്രസക്തം. കംപ്യൂട്ട് പ്രൊവൈഡർമാർ ആപ്ലിക്കേഷൻ ബിൽഡർമാരുമായി ചേർന്ന് സാഹചര്യങ്ങൾ പഠിക്കണം, ആർക്കിടെക്ച്ചറുകൾ ഒപ്റ്റിമൈസ് ചെയ്യണം, കൂടാതെ ഡിപ്ലോയ്മെന്റിന് തന്ത്രവും മെനയണം. ഒരൊറ്റ പങ്കാളിക്ക് മാത്രമായി ഇതെല്ലാം ചെയ്യാനാകില്ല. യോജിച്ച പ്രവർത്തനം മാത്രമേ ഇതിൽ ഫലവത്താകൂ.
തന്ത്രപരമായ ഇടപെടൽ
യു.എസ്, ചൈന രാജ്യങ്ങൾ നിയന്ത്രിക്കുന്ന മത്സരത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഇടപെടരുത്. ആ മത്സരത്തിന് ആവശ്യമായ വിഭവങ്ങളോ, സാങ്കേതികത്വമോ എല്ലാവർക്കും ലഭിക്കില്ല.
എന്നാൽ അതിനെ ഒരു തിരിച്ചടിയായും കാണരുത്. മറിച്ച് മറ്റൊരു അവസരമായിവേണം കണക്കാക്കാൻ. ആപ്ലിക്കേഷൻ നിർമ്മിതിയിലാണ് ഗ്ലോബൽ സൗത്തിന്റെ ശ്രദ്ധ വേണ്ടത്. പ്രാദേശിക ഭാഷകൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ ആപ്ലിക്കേഷനുകൾ ഉണ്ടാക്കുക. ഇവിടെ ജനസംഖ്യയ്ക്ക് ആവശ്യമായ എ.ഐ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിലാകണം ശ്രദ്ധ കൊടുക്കേണ്ടത്.
ഇതൊന്നു സങ്കൽപ്പിച്ചുനോക്കൂ: കാർഷികമേഖലയിലെ എ.ഐ വികസനം ആഫ്രിക്കയിൽ നിന്നും ദക്ഷിണേഷ്യയിൽ പ്രയോജനം ചെയ്യുന്നത്. അല്ലെങ്കിൽ ലാറ്റിൻ അമേരിക്കയിൽ വികസിപ്പിച്ച ആരോഗ്യ ഉൽപ്പന്നങ്ങൾ ദക്ഷിണേഷ്യയിൽ വരുന്നത്. ഇത് ആശയം മാത്രമല്ല, ഇപ്പോൾതന്നെ ഇതിന്റെ അടിസ്ഥാനങ്ങൾ ഉണ്ട്. ഉദാരണമാണ് ഇന്ത്യയുടെ ഭാഷിണി പ്ലാറ്റ്ഫോം. ഇത് പല ഭാഷകൾ സംസാരിക്കുന്ന എ.ഐ ആണ്. ജനാധിപത്യപരമായി പൊതു അടിസ്ഥാനസൗകര്യം മാറ്റാൻ ഇത് സഹായിക്കുന്നു.
ക്രെഡിറ്റുകളിൽ നിന്നും കരാറുകളിലേക്ക്
ഹൈപ്പർസ്കെയലർമാർ നൽകുന്ന കംപ്യൂട്ട് ക്രെഡിറ്റിലാണ് നിലവിലെ എ.ഐ മോഡലുകളുള്ളത്. ആഗോള സൗത്തിൽ ഇതിന് പകരം സാമ്പത്തിക സംവിധാനം വരണം. ഉൽപ്പന്നങ്ങൾക്ക് പണം ലഭിക്കണം, പൊതു-സ്വകാര്യ പങ്കാളിത്തം വരണം.
ഇത് സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. ഒരുമിച്ചുള്ള വാങ്ങൽ, അടിസ്ഥാനസൗകര്യങ്ങൾ പങ്കുവെക്കൽ, സുസ്ഥിരമായ നിക്ഷേപം ആകർഷിക്കാൻ നയമങ്ങളിൽ മാറ്റം എന്നിവ വേണം.
ഇന്ത്യ എ.ഐ ഇംപാക്റ്റ് സമ്മേളനം
സഹകരണ മനോഭാവം പ്രോത്സാഹിപ്പിക്കാനുള്ള വേദിയാണ് എ.ഐ ഇംപാക്റ്റ് സമ്മിറ്റ്. വിജയിക്കാൻ കഴിയാത്ത മത്സരത്തിൽ നിന്നും ആഗോള സൗത്ത് പിന്മാറണം. പകരം, ഗുണകരമായ എ.ഐക്ക് വേണ്ടി പങ്കാളിത്തം തുടരണം.
ഇതിനായി ആപ്ലിക്കേഷൻ നിർമ്മാതാക്കൾ തമ്മിലുള്ള അന്തരം അകറ്റണം, ക്രിയേറ്റർമാരും കംപ്യൂട്ട് പ്രൊവൈഡർമാരും തമ്മിലുള്ള യഥാർത്ഥ പങ്കാളിത്തം ആരംഭിക്കണം, രാജ്യങ്ങൾ തമ്മിലുള്ള ശൃംഖല ശക്തമാക്കണം. ഈ സാങ്കേതിക പ്രശ്നങ്ങൾ യഥാർത്ഥമാണ്, പക്ഷേ സഹകരണത്തിലെ വിടവാണ് ഫലങ്ങൾ ലഭിക്കുന്നതിലെ തടസ്സവും.
തീരുമാനം നമ്മുടേതാണ് – ഒറ്റപ്പെട്ട മുരടിപ്പാണോ ആവശ്യം, അതോ സഹകരണത്തിലൂടെയുള്ള വളർച്ചയോ. ആഗോള സൗത്തിന് സഹകരണം ഒരു നല്ല പദ്ധതി എന്നതിനേക്കാൾ എ.ഐയുടെ ഫലങ്ങൾ ആവശ്യമായ കോടിക്കണക്കിന് ആളുകൾക്ക് അത് എത്തിക്കാനുള്ള വഴിയുമാണ്.
ലേഖികയെക്കുറിച്ച്
Carnegie India സീനിയർ റിസർച്ച് അനലിസ്റ്റും പ്രോഗ്രാം മാനേജറുമാണ് നിഥി സിംഗ്. ഡേറ്റ ഗവേണൻസ്, എ.ഐ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയാണ് അവരുടെ ശ്രദ്ധ. ആഗോളതലത്തിലും ഏഷ്യൻ കാഴ്ച്ചപ്പാടിലും എങ്ങനെയാണ് ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളും നയങ്ങളും പ്രവർത്തിക്കുന്നത് എന്നതിലാണ് അവരുടെ ഗവേഷണം. അവരുടെ ലേഖനങ്ങൾ ഇന്ത്യൻ എക്സ്പ്രസ്, ദി സെക്രട്ടറിയേറ്റ്, മീഡയനമ, ഹിന്ദു ബിസിനസ് ലൈൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്.
