`എന്റെ സഹോദരന് ഇന്ത്യയിലേക്ക് സ്വാ​ഗതം', ഖത്തർ അമീറിനെ മോദി സ്വീകരിച്ചത് പതിവ് പ്രൊട്ടോക്കോൾ ലംഘിച്ച്

അത്യപൂർവമായാണ് പ്രധാനമന്ത്രി വിദേശ രാഷ്ട്ര നേതാക്കളെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കാറുള്ളത്

``Welcome to India my brother'', Modi welcomes Qatari Emir in breach of usual protocol

ദില്ലി: `എന്റെ സഹോദരനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ...' ഇന്ത്യയിലെത്തിയ ഖത്തർ അമീറിനെ സ്വീകരിക്കാനെത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിന്റെ ആദ്യ വരികളാണിത്. പതിവിന് വിപരീതമായി, പ്രൊട്ടോക്കോൾ  മറികടന്ന് അമീറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മോദി നേരിട്ടെത്തുകയായിരുന്നു. അത്യപൂർവമായാണ് പ്രധാനമന്ത്രി വിദേശ രാഷ്ട്ര നേതാക്കളെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കാറുള്ളത്. 

ദ്വിദിന സന്ദർശനത്തിനായാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരമെത്തിയ അമീറിന് ഊഷ്മള സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. സ്വീകരണ സമയത്തെ ഇരു നേതാക്കളുടെയും അടുത്ത സുഹൃത്തുക്കൾ എന്ന രീതിയിലുള്ള ഇടപെടലിന്റെ വീഡിയോകൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് ഹസ്തദാനം നൽകുന്നതിനിടെ ഖത്തർ അമീറിന്റെ തമാശയ്ക്ക് അദ്ദേഹത്തിന്റെ ദേഹത്ത് തട്ടി മോദി പൊട്ടിച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. 

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായി ഖത്തർ അമീർ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപധാന ബന്ധമായി ഉയർത്താൻ കൂടിക്കാഴ്ചയിൽ ധാരണയായി. ഇതു സംബന്ധിച്ച കരാറിൽ ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒപ്പുവെച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചർച്ചയായെന്നാണ് സൂചന. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രാത്രിയോടെ ഇദ്ദേഹം ഇന്ത്യയിൽ നിന്ന് മടങ്ങുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

read more : ഖത്തർ അമീറിൻ്റെ സന്ദർശനം; മോദിയുമായി കൂടിക്കാഴ്ച്ച, ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു

Latest Videos
Follow Us:
Download App:
  • android
  • ios