കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് 0.5 ശതമാനമായി തുടരുകയാണ്. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്ന മികച്ച് ചികിത്സ മൂലമാണ് മരണനിരക്ക് കുറയ്ക്കാനായതെന്ന് ഡോ ഹമ്മദി പറഞ്ഞു.

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസം തുടക്കം മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്ന് അധികൃതര്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊവിഡ് കേസുകള്‍ 9.5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായെന്ന് യുഎഇ സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്താവ് ഡോക്ടര്‍ ഒമര്‍ അല്‍ ഹമ്മദി അറിയിച്ചു. 

എന്നാല്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് 0.5 ശതമാനമായി തുടരുകയാണ്. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ മേഖലയ്ക്കാണ് ഇതില്‍ നന്ദി അറിയിക്കേണ്ടതെന്ന് ഡോ ഹമ്മദി പറഞ്ഞു. രാജ്യം ശരിയായ പാതയിലൂടെയാണ് നീങ്ങുന്നതെന്നതിന് സൂചനകളുണ്ടെന്നും അത് മെഡിക്കല്‍ രംഗത്തിന്റെ മികവും കാര്യക്ഷമതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രാരംഭ ഘട്ടത്തില്‍ തന്നെ കൊവിഡ് കേസുകള്‍ കണ്ടെത്താനാകുന്നത് ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഎഇയില്‍ ഇന്ന് 339 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 172 പേര്‍ രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67,621 ആയി ഉയര്‍ന്നു. 58,754 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 377 ആയി. നിലവില്‍ 8,490 പേരാണ് ചികിത്സയിലുള്ളത്. 69,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.