ദുബായ്: ആയിരം ദിവസം കൊണ്ട് ആയിരം പാട്ടുപാടി ദുബായിൽ താരമായിരിക്കുകയാണ് ഒരു ഇന്ത്യക്കാരി. നാൽപ്പത്തിയെട്ടുകാരിയായ സപ്ന എബ്രഹാം ആണ് പാട്ടുപാടി ലോക റെക്കോർഡ് ഉൾപ്പടെ നേടിയിരിക്കുന്നത്. സപ്ന തന്നയാണ് ​ഗാനങ്ങളുടെ വരികളെഴുതുകയും രചന നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നത്.

'ആയിരം ദിവസം , ആയിരം പാട്ട്' എന്ന സപ്നയുടെ ഉദ്യമത്തിന് ​ഗോൾഡൻ ബുക്ക്സ് ഓഫ് വേൾ‍ഡ് റെക്കോർഡ് ആണ് ലഭിച്ചിരിക്കുന്നത്. വിവിധ വിഭാ​ഗങ്ങളിലായി നാല് അവാർഡുകളാണ് സപ്ന കരസ്ഥമാക്കിയത്. 2017 ഏപ്രിൽ എട്ട് മുതൽ 2020 ജനുവ​രി രണ്ടുവരെ 1000 ദിവസമായിരുന്നു സപ്ന പാട്ടുപാടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ഏറ്റവും കൂടുതൽ പാട്ടുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ആൽബം എന്ന വിഭാ​ഗത്തിൽ ​ഗിന്നസ് വേൾഡ് റെക്കോർഡിന് ശ്രമിക്കുകയാണ് സപ്ന ഇപ്പോള്‍.

ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയാണ് സപ്ന. 1000 ദിവസം കൊണ്ട് 1000 പാട്ട് പാടുക എന്നത് തന്റെ വളരെ കാലത്തെ ആ​ഗ്രഹമായിരുന്നുവെന്ന് സപ്ന പറഞ്ഞു. ​24 വർഷമായി ഗായിക, രചയിതാവ് എന്നീ നിലയിൽ സം​ഗീതമേഖലയിൽ പ്രവർത്തിക്കുകയാണ്. ഏകദേശം 22ഓളം സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സം​ഗീതത്തിൽ ഇനിയും ഒരുപാട് നേടാനുണ്ടെന്നും സപ്ന കൂട്ടിച്ചേർത്തു.