ജയ്പൂര്‍: 15 കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണവുമായി രാജസ്ഥാനില്‍ പ്രവാസികള്‍ പിടിയില്‍. യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസികളുടെ പക്കല്‍ നിന്നാണ് കസ്റ്റംസ് സംഘം സ്വര്‍ണം പിടികൂടിയത്.

യുഎഇയില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മൂന്ന് പ്രവാസികളുടെ പക്കല്‍ നിന്നും 4.4 കോടി വിലവരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. അതേസമയം സൗദിയില്‍ നിന്നെത്തിയ 11 പ്രവാസികളുടെ പക്കല്‍ നിന്നും 11.8 കോടി രൂപയുടെ സ്വര്‍ണവും പിടികൂടി. 

ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎഇയില്‍ നിന്നും സൗദിയില്‍ നിന്നുമെത്തിയ പ്രവാസികളുടെ പക്കല്‍ നിന്നും ഏകദേശം 15 കോടി 67 ലക്ഷം രൂപ വിലവരുന്ന 32 കിലോഗ്രാം സ്വര്‍ണം പിടികൂടിയതായി രാജസ്ഥാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു. എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായാണ് ഇവര്‍ 14 പേരും രാജസ്ഥാനിലെത്തിയത്.