ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ 32,187 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. അശ്രദ്ധമായി വാഹനമോടിച്ച 49 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ലൈസൻസില്ലാതെ വാഹനമോടിച്ച 42 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് അയക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടപ്പാക്കിയ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ അത്തിഖിയുടെ നിർദേശപ്രകാരവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഅദ് അൽ ഖത്വാന്റെ മേൽനോട്ടത്തിലുമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ 32,187 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. അശ്രദ്ധമായി വാഹനമോടിച്ച 49 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ലൈസൻസില്ലാതെ വാഹനമോടിച്ച 42 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ 32 വാഹനങ്ങളും 9 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്ത് ലേലത്തിൽ വെക്കാനായി അയച്ചു.
ആറ് ഗവർണറേറ്റുകളിലെ ട്രാഫിക് വിഭാഗങ്ങളും ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റും ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റും സംയുക്തമായി നടത്തിയ പരിശോധനകളാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ പ്രസ്താവനയിൽ അറിയിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം പരിശോധനകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


