അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവ് അനുവദിക്കും. പള്ളികള്‍ പരമാവധി ശേഷിയുടെ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. നിലവില്‍ പള്ളികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

നമസ്‍കരിക്കാനെത്തുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ബാങ്ക് വിളിച്ച ശേഷം നമസ്‍കാരം തുടങ്ങുന്നതിനിടയില്‍ 10 മിനിറ്റായിരിക്കും ഇടവേള. മഗ്‍രിബ് നമസ്‍കാരത്തിന് ഇത് അഞ്ച് മിനിറ്റായിരിക്കും. അതേസമയം ബലിപെരുന്നാള്‍ നമസ്‍കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഓഡിയോ വിഷ്വല്‍ മാധ്യമങ്ങളിലൂടെ തക്ബീര്‍ സംപ്രേക്ഷണം ചെയ്യും. പെരുന്നാളിന് കുടുംബ സംഗമങ്ങളും സന്ദര്‍ശനങ്ങളും ഒഴിവാക്കി ഫോണിലൂടെയോ മറ്റോ ആശംസകള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്കും മറ്റും സമ്മാനങ്ങളും പണവും നല്‍കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സന്ദര്‍ശിക്കാന്‍ പാടില്ല.