ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യുഎഇ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചു. ഉമ്മുല്‍ഖുവൈന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട നിയമലംഘനങ്ങള്‍ ഇളവിന് അര്‍ഹമാകും. സെ‍പ്‍റ്റംബര്‍ അഞ്ച് മുതല്‍ ഒന്‍പത് വരെയായിരിക്കും ഇത് പ്രബല്യത്തിലുണ്ടാവുക.

ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യുഎഇ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‍ക്കോ ഭീഷണിയാവുന്ന തരത്തില്‍ വാഹനം ഓടിക്കുക, പ്രത്യേക അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിനിലോ ഷാസിയിലോ മാറ്റം വരുത്തുക, കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഈ ആനുകൂല്യത്തിന് അര്‍ഹമാവില്ല.