ഒരു ഏഷ്യന്‍ രാജ്യത്തേക്കായിരുന്നു ഇവരുടെ യാത്ര. ഇടയ്‍ക്ക് ദുബൈയില്‍ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍ തന്റെ ലഗേജ് താമസ സ്ഥലത്ത് എത്തിക്കാനായി വിമാന കമ്പനി അധികൃതരോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. 

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ 70 വയസുകാരിയില്‍ നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്‍ക്കിടെ ട്രാന്‍സിറ്റിനായാണ് ഇവര്‍ ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവിടെ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയില്‍ വയോധിക പിടിയിലാവുകയായിരുന്നു.

സ്യൂട്ട് കെയ്‍സില്‍ ഒളിപ്പിച്ച നിലയില്‍ 8.3 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താണ് കൊണ്ടുവന്നത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ഭദ്രമായി പായ്‍ക്ക് ചെയ്‍തായിരുന്നു ഇത് ലഗേജില്‍ വെച്ചിരുന്നത്. ഒരു ഏഷ്യന്‍ രാജ്യത്തേക്കായിരുന്നു ഇവരുടെ യാത്ര. ഇടയ്‍ക്ക് ദുബൈയില്‍ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍ തന്റെ ലഗേജ് താമസ സ്ഥലത്ത് എത്തിക്കാനായി വിമാന കമ്പനി അധികൃതരോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കേസ് പിന്നീട് ദുബൈ പൊലീസിന് കൈമാറി. അന്താരാഷ്‍ട്ര തലത്തില്‍ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള ദുബൈ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ ഇത്തരം കള്ളക്കടത്തുകള്‍ കണ്ടെത്താനുള്ള പരിശീലനം ലഭിച്ചവരാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം അല്‍ കമാലി പറഞ്ഞു.