യുഎഇയിലെ സൈബര്‍ നിയമം അനുസരിച്ച് അനുവാദമില്ലാതെ മറ്റൊരാളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ദുബായ്: റോഡപകടങ്ങളുണ്ടാകുമ്പോള്‍ ഓടിക്കൂടി വീഡിയോയില്‍ പകര്‍ത്തുന്നവര്‍ സൂക്ഷിക്കുക. യുഎഇയില്‍ ഈ കുറ്റത്തിന് നിങ്ങള്‍ക്ക് കനത്ത പിഴ ശിക്ഷ ലഭിക്കും. ചിലപ്പോള്‍ കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് ജയിലിലാവുകയും ചെയ്യും. കഴിഞ്ഞയാഴ്ച അബുദാബി പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 71 പേരെയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ കുറ്റത്തിന് ശിക്ഷിച്ചത്. ഒന്നര ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ ശിക്ഷ ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ സൈബര്‍ നിയമം അനുസരിച്ച് അനുവാദമില്ലാതെ മറ്റൊരാളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് പുറമെ അപകട സ്ഥലങ്ങളില്‍ നോക്കി നില്‍ക്കുകയും അതുവഴി ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും ലഭിക്കും. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ വാഹനങ്ങള്‍ക്ക് സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടാവുന്നത് കൊണ്ടാണ് കര്‍ശന നടപടിയെടുക്കുന്നത്. അതുകൊണ്ടുതന്നെ അപകട സ്ഥലങ്ങള്‍ക്കടുത്ത് വാഹനം പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങി നോക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.