Asianet News MalayalamAsianet News Malayalam

ചരിത്രത്തിന്‍റെ ഭാഗമാകാം; കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ച് യുഎഇ

ഈ ഉദ്യമത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ നിര്‍ബന്ധമായും അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരായിരിക്കണം. ഇവിടങ്ങളിലെ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

Abu Dhabi launches new website for volunteers in vaccine trials
Author
Abu Dhabi - United Arab Emirates, First Published Jul 17, 2020, 9:03 AM IST

അബുദാബി: കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കാളികളാകാന്‍ സ്വയം സന്നദ്ധരാകുന്ന വ്യക്തികളെ ക്ഷണിച്ച് അബുദാബി. താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി വെബ്‌സൈറ്റ് പുറത്തിറക്കി. അബുദാബി മീഡിയ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്.  

ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെട്ട കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  www.4humanity.ae എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.  ഇതിനായി മുമ്പോട്ടെത്തുന്നവര്‍ പേരും ബന്ധപ്പെടേണ്ട നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കി വേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.

ഈ ഉദ്യമത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ നിര്‍ബന്ധമായും അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരായിരിക്കണം. ഇവിടങ്ങളിലെ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 18നും 60നും ഇടയില്‍ പ്രായമുള്ളവരെയാണ് ട്രയലിലേക്ക് തെരഞ്ഞെടുക്കുക. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാവും യോഗ്യരായ വ്യക്തികളെ കണ്ടെത്തുന്നത്. 

പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി 02 819 1111 എന്ന പ്രത്യേക ഹോട്ട്‍ലൈന്‍ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 5,000 സന്നദ്ധ പ്രവര്‍ത്തകരെയാണ് ആവശ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈനീസ് കമ്പനിയായ സിനോഫാം, അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഗ്രൂപ്പ് 42 (ജി42) എന്നിവ തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരമാണ് കൊവിഡ് വാക്സിന്‍ പരീക്ഷണം. ലോകത്തിലെ ആറാമത്തെ പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളാണ് സിനോഫാം സിഎന്‍ബിജി. 

കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി നേരത്തെ യുഎഇ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios