വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ചും പ്രമുഖ വെബ്സൈറ്റുകളില്‍ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തുമൊക്കെ നടത്തുന്ന തട്ടിപ്പുകള്‍ക്ക് പുറമെ പ്രമുഖ കമ്പനികളുടെ പേരുകള്‍ ദുരുപയോഗം ചെയ്തും വ്യാജന്മാര്‍ വിലസുകയാണ്. 

അബുദാബി: യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇന്റര്‍നെറ്റിലൂടെ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് പ്രധാനമായും നടക്കുന്നത്.

വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ചും പ്രമുഖ വെബ്സൈറ്റുകളില്‍ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തുമൊക്കെ നടത്തുന്ന തട്ടിപ്പുകള്‍ക്ക് പുറമെ പ്രമുഖ കമ്പനികളുടെ പേരുകള്‍ ദുരുപയോഗം ചെയ്തും വ്യാജന്മാര്‍ വിലസുകയാണ്. ജോലി അവസരങ്ങള്‍ അറിയിക്കുകയും അപേക്ഷ വാങ്ങുകയും ചെയ്ത ശേഷം പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ പൊതുരീതി. ഓണ്‍ലൈനായി ജോലി തേടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് മുഹമ്മദ് അല്‍ കാബി അറിയിച്ചു.

വലിയ ശമ്പളത്തോടെയുള്ള ജോലി വ്യാജന്മാര്‍ വാഗ്ദാനം ചെയ്യുമ്പോള്‍ നിരവധി പേര്‍ പണം നല്‍കി തട്ടിപ്പിന് ഇരയായിട്ടുണ്ട്. ജോലി ശരിയാക്കിയെന്നും ഉടന്‍ പണം വേണമെന്നും പറയുന്ന തൊഴില്‍ ഏജന്‍സികളെ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിസ എടുക്കുന്നതിനെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ പണം ചോദിക്കുന്നതെന്നും സഈദ് മുഹമ്മദ് അല്‍ കാബി പറഞ്ഞു.