പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍, 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലമോ ഡി.പി.ഐ പരിശോധനാ ഫലമോ ഹാജരാക്കണം. നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയായിരുന്നു.
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അബുദാബി. ഞായറാഴ്‍ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേസമയം പൂര്‍ണമായി വാക്സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍, 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലമോ ഡി.പി.ഐ പരിശോധനാ ഫലമോ ഹാജരാക്കണം. നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയായിരുന്നു. ഇതിന് പുറമെ തുടര്‍ന്ന് താമസക്കുന്നവര്‍ നാലാം ദിവസവും ശേഷം എട്ടാം ദിവസവും വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. അബുദാബിയില്‍ പ്രവേശിക്കുന്ന ദിവസം മുതലാണ് ഇത് കണക്കാക്കുന്നത്. നേരത്തെ ആറാം ദിവസം ഒരു പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയായിരുന്നു.
പുതിയ ചട്ടങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്. എന്നാല്‍ ദേശീയ വാക്സിനേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും നേരത്തെ മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ പങ്കാളികളായി വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഈ നിബന്ധനകളില്‍ ഇളവുണ്ട്.
