പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കാനുള്ള തീരുമാനം സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കാന്‍‌ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ദുബൈ വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അല്‍ സദഹ് പറഞ്ഞു. 

ദുബൈ: സൈക്കിള്‍ റാക്ക് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ദുബൈയില്‍ ഒരു നമ്പര്‍ പ്ലേറ്റ് കൂടി ഘടിപ്പിക്കണം. വാഹനങ്ങളുടെ പിന്നില്‍ സൈക്കിളുകള്‍ കൂടി വെയ്‍ക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റുകള്‍ മറയുന്ന സാഹചര്യത്തിലാണ് അധിക നമ്പര്‍ പ്ലേറ്റ് നല്‍കാന്‍ അധികൃതരുടെ തീരുമാനം.

നമ്പര്‍ പ്ലേറ്റുകള്‍ മറയ്‍ക്കുന്നത് ഗതാഗത നിയമലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റി അറിയിച്ചിരുന്നു. പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കാനുള്ള തീരുമാനം സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കാന്‍‌ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ദുബൈ വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അല്‍ സദഹ് പറഞ്ഞു. സൈക്കിള്‍ സൗഹൃദ നഗരമായി മാറാനുള്ള ദുബൈയുടെ പരിശ്രമങ്ങളില്‍ ഇത് സഹായകമാവും. ജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും പ്രതികരണങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈക്കിള്‍ യാത്രയ്‍ക്കായി 739 കിലോമീറ്റര്‍ ലേനുകളുള്ള ദുബൈ നഗരം ഇപ്പോള്‍ തന്നെ ലോകത്തില്‍ തന്നെ ഏറ്റവും സൈക്കിള്‍ സൗഹൃദമായ നഗരങ്ങളിലൊന്നാണ്.