മാര്‍ച്ച് 24 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 26 ചൊവ്വാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അബുദാബി: യുഎഇയില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും വാരാന്ത്യത്തില്‍ ഉണ്ടാകുകയെന്നും പല സ്ഥലങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കി. 

മാര്‍ച്ച് 24 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 26 ചൊവ്വാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം യുഎഇയില്‍ ശൈത്യകാലം അവസാനിക്കുകയും വസന്ത കാലം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റും പ്രതീക്ഷിക്കാം. കാറ്റ് വീശുന്നതോടെ പൊടി ഉയരുകയും ചെയ്യും. അസ്ഥിരമായ കാലാവസ്ഥ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. മാര്‍ച്ച് 22, 23 തീയതികളില്‍ നേരിയ തോതില്‍ മുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മാര്‍ച്ച് 24 ഞായറാഴ്ചമുതല്‍ മാര്‍ച്ച് 26 ചൊവ്വാഴ്ച വരെയാണ് മഴമേഘങ്ങള്‍ കൂടുകയും ചിലപ്പോള്‍ കനത്ത മഴ ലഭിക്കുകയും ചെയ്യുക. കനത്ത മഴയ്ക്കൊപ്പം ചില സമയങ്ങളില്‍ ഇടിമിന്നലും ഉണ്ടാകും. താപനില കുറയും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശമിക്കും.

Read Also -  നാടണയാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റുമായി ഐസിഎഫ്

ഈ മാസം രണ്ടാം വാരം യുഎഇയില്‍ ദിവസങ്ങളോളം കനത്ത മഴ ലഭിച്ചിരുന്നു. നാലു ദിവസം കൊണ്ട് ആറ് മാസത്തെ മഴയാണ് യുഎഇയില്‍ ലഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച അബുദാബി ഖതം അൽ ഷഖ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 78 മില്ലിമീറ്റർ. ഫുജൈറയിലെ അൽ ഫാർഫറിൽ 77.4 മി.മീ, ദുബായിൽ 60 മി.മീ, അൽഐനിൽ 25.4 മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. യുഎഇയിലെ ഒരു വര്‍ഷം ശരാശരി 100 മി.മി താഴെയാണ് സാധാരണയായി ലഭിക്കുന്ന മഴ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...