ബലിപെരുന്നാളിന് യുഎഇയിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്ന്. ഓഗസ്റ്റ് ആദ്യം മുതല്‍ തുടങ്ങിയ പൊതുമാപ്പ് സഹായക കേന്ദ്രങ്ങളും ഇക്കാലയളവില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. 

അബുദാബി: ഒരാഴ്ചക്ക് ശേഷം യുഎഇയിലെ പൊതുമാപ്പ് സഹായക കേന്ദ്രങ്ങള്‍ ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ എത്രയും വേഗം പൊതുമാപ്പിനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

ബലിപെരുന്നാളിന് യുഎഇയിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്ന്. ഓഗസ്റ്റ് ആദ്യം മുതല്‍ തുടങ്ങിയ പൊതുമാപ്പ് സഹായക കേന്ദ്രങ്ങളും ഇക്കാലയളവില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എല്ലാ എമിറേറ്റുകളിലെയും സഹായക കേന്ദ്രങ്ങളില്‍ നേരത്തെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അവധി ദിനങ്ങള്‍ അവസാനിച്ചതോടെ വീണ്ടും ആളുകള്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണത്തെ പൊതുമാപ്പിനെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഇവയാണ്

കാലാവധി
ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താം

ആര്‍ക്കൊക്കെ പ്രയോജനപ്പെടുത്താം?
രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചുവരുന്ന എല്ലാ വിദേശികള്‍ക്കും പ്രയോജനപ്പെടുത്താം

പൊതുമാപ്പില്‍ എന്തൊക്കെ അവസരങ്ങള്‍ ലഭിക്കും?
നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് മടങ്ങാം. ജയില്‍ ശിക്ഷയോ പിഴയോ ഒന്നുമുണ്ടാവില്ല. പുതിയ വിസയും മറ്റ് രേഖകളും സംഘടിപ്പിച്ച് നിയമവിധേയമായി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അനുമതിയുണ്ട്.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച്, താമസിച്ച് വരുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവുമോ?
പ്രയോജനപ്പെടുത്താം. എന്നാല്‍ ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയില്‍ തിരികെ പ്രവേശിക്കാനാവില്ല.

പൊതുമാപ്പ് പ്രയോജനപ്പെടുത്തിവര്‍ക്ക്പിന്നെ യുഎഇയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ടാകുമോ?
ഇല്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും വരുന്നതിന് തടസ്സമൊന്നുമില്ല.

രേഖകള്‍ ശരിയാക്കുന്നതിന് മുന്‍പ് നിയമവിധേയമായി തങ്ങിയതിന് ഫീസ് അടയ്ക്കേണ്ടതുണ്ടോ?
വേണ്ട. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരില്‍ നിന്ന് രാജ്യത്ത് അനധികൃതമായി തങ്ങിയതിന്റെ പേരില്‍ ഒരു ഫീസും ഈടാക്കുകയില്ല.

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയാത്തത് ആര്‍ക്കൊക്കെ?
യുഎഇ അധികൃതര്‍ കരിമ്പട്ടികയില്‍ പെടുത്തിയവര്‍ക്കും കേസുകള്‍ നിലവിലുള്ളവര്‍ക്കും പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കില്ല. എന്നാല്‍ അനധികൃത താമസത്തിന്റെ പേരിലുള്ള നിയമലംഘനങ്ങളെല്ലാം പൊതുമാപ്പിന്റെ പരിധിയില്‍ വരും

ഒളിവില്‍ പോയെന്ന് പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമോ?
ഉപയോഗപ്പെടുത്താം. ഒളിവില്‍ പോയെന്ന റിപ്പോര്‍ട്ട് റദ്ദാക്കി അധികൃതര്‍ നിങ്ങള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. തിരികെ വരാനും വിലക്കുണ്ടാവില്ല.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കുന്നവര്‍ക്ക് യുഎഇയില്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് തടസ്സമുണ്ടോ?
ഇല്ല. യുഎഇ മാനവവിഭവശേഷി മാന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കുന്നതിനും തടസ്സമില്ല.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കുന്നവര്‍ക്ക് പിന്നെ എത്രനാള്‍ ജോലി തേടി രാജ്യത്ത് തുടരാം?
പുതിയ ജോലി അന്വേഷിക്കുന്നതിനായി ആറ് മാസത്തെ താല്‍ക്കാലിക വിസ ലഭിക്കും

പൊതുമാപ്പിന് എങ്ങനെ അപേക്ഷിക്കാം?
ഇമിഗ്രേഷന്‍ വിഭാഗത്തെ സമീപിച്ച് എക്സിറ്റ് പെര്‍മിറ്റ് വാങ്ങുകയാണ് ചെയ്യേണ്ടത്.

എന്തൊക്കെ രേഖകള്‍ നല്‍കണം?
അപേക്ഷക്കൊപ്പം ഒറിജിനല്‍ പാസ്‍പോര്‍ട്ട് അല്ലെങ്കില്‍ അതിന് പകരം എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഒപ്പം തിരികെ പോകാനുള്ള വിമാന ടിക്കറ്റും ഹാജരാക്കണം.

എകിസ്റ്റ് പെര്‍മിറ്റിന് എത്ര ദിര്‍ഹമാണ് ഫീസ്?
220 ദിര്‍ഹം ഈടാക്കും

രേഖകള്‍ ശരിയാക്കി രാജ്യത്ത് തന്നെ തുടരാനുള്ള ഫീസ്?
500 ദിര്‍ഹം

പാസ്‍പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാവുമോ?
പാസ്‍പോര്‍ട്ട് ഇല്ലാത്തവര്‍ക്കും അപേക്ഷ നല്‍കുന്നതിന് തടസമില്ല.

എക്സിറ്റ് പാസ് കിട്ടിയാല്‍ എത്ര ദിവസത്തിനകം രാജ്യം വിട്ടുപോകണം?
10 ദിവസത്തെ കാലാവധിയാണ് ലഭിക്കുന്നത്.

ഇമിഗ്രേഷന്‍ വിഭാഗത്തിലേക്ക് നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് പൊതുമാപ്പിനുള്ള അപേക്ഷ നല്‍കാന്‍ കഴിയുമോ?
മെഡിക്കല്‍ റിപ്പോര്‍ട്ടോ അല്ലെങ്കില്‍ എംബസിയില്‍ നിന്നുള്ള കത്തോ മറ്റൊരാള്‍ ഹാജരാക്കിയാലും എക്സിറ്റ് പെര്‍മിറ്റ് ലഭിക്കും.

യുഎഇയില്‍ പലയിടങ്ങളിലായി 9 സേവന കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ഇവ പ്രവര്‍ത്തിക്കും. ദുബായിലെ അല്‍ അവീര്‍ ഇമിഗ്രേഷന്‍ സെന്റര്‍, അബുദാബിയിലെ അല്‍ ഐന്‍, ഷഹാമ, അല്‍ ഗര്‍ബിയ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളിലെ ഇമിഗ്രേഷന്‍ സെന്ററുകളിലും സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.