നേപ്പാൾ സ്വദേശിയായ മുകേഷ് പസ്വാന് പരിപാടിയില്‍ നിന്നും വിലപിടിപ്പുള്ള മിത്സുബിഷി കാറാണ് സമ്മാനം ലഭിച്ചത് 

ദുബൈ: തന്റെ മൂന്ന് മക്കൾക്കും നല്ലൊരു ജീവിതം, സ്വന്തമായൊരു വീട്...അഞ്ച് മാസങ്ങൾക്ക് മുൻപ് ദുബൈയിലേക്കെത്തുമ്പോൾ നേപ്പാൾ സ്വദേശിയായ മുകേഷ് പസ്വാന്റെ മനസ്സിലുണ്ടായിരുന്ന സ്വപ്നങ്ങൾ ഇതൊക്കെയാണ്. ദുബൈയിലുള്ള അൽ സഹൽ എന്ന കരാർ കമ്പനിയിൽ സ്റ്റീൽ ഫിക്സർ ആയി ജോലി ചെയ്യുമ്പോഴും തന്റെ സ്വപ്നങ്ങൾ പൂവണിയിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജബൽ അലിയിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ യുഎഇ മാനവശേഷി-സ്വദേശിവത്കരണ വകുപ്പ് സംഘടിപ്പിച്ച `ഈദ്, നമ്മുടെ തൊഴിലാളികൾക്കൊപ്പം' എന്ന പരിപാടിയിൽ മുകേഷ് പങ്കെടുത്തത്. ഇതൊടെ മുകേഷിന്റെ ഭാ​ഗ്യം തെളിയുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്ത മുകേഷിന് സ്വന്തമായത് വിലപിടിപ്പുള്ള മിത്സുബിഷി കാറാണ്.

`അവർ എന്റെ പേര് വിളിച്ചപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞാൻ പരിപാടിയിൽ പങ്കെടുത്തു. വെള്ളിയാഴ്ച എനിക്കൊരു സൗജന്യ റാഫിൾ ടിക്കറ്റും ടിഷർട്ടും തൊപ്പിയും കിട്ടി. ഈ രണ്ട് ദിവസങ്ങളിലും നിരവധി പേർക്ക് സമ്മാനമായി ഫോണുകളും ടിവിയും വിമാനടിക്കറ്റുകളും കിട്ടി. എനിക്കും സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സമ്മാനം കിട്ടിയ വിവരം ആദ്യം പറഞ്ഞത് ഭാര്യയോടാണ്. കേട്ടപ്പോൾ തന്നെ അവൾ ഭയങ്കര സന്തോഷത്തിലായി' മുകേഷ് പറയുന്നു.

ദുബൈയിലെത്തുന്നതിന് മുൻപ് മുകേഷ് ഖത്തറിലാണ് ജോലി ചെയ്തിരുന്നത്. `എനിക്ക് ഒരു വീട് സ്വന്തമായി വേണമെന്നത് ഒരുപാട് നാളത്തെ ആ​ഗ്രഹമാണ്. കുടുംബം ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത്. ഈ കാറിന് കിട്ടുന്ന തുക കൊണ്ട് വീട് പണിയും' മുകേഷ് പറഞ്‍ഞു. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് മുകേഷിന്റെ കുടുംബം. കഴിഞ്ഞ പെരുന്നാളിന് 24കാരനായ റുബൽ അലിക്കാണ് കാർ സമ്മാനമായി ലഭിച്ചത്. അദ്ദേഹവും കാർ വിൽക്കുന്ന തുക കൊണ്ട് സ്വന്തമായി ഒരു വീട് നിർമിക്കണമെന്നാണ് ആ​ഗ്രഹമെന്ന് പറഞ്ഞിരുന്നു. രാജ്യത്താകെ 10 ഇടങ്ങളിലാണ് യുഎഇ മാനവശേഷി-സ്വദേശിവത്കരണ വകുപ്പിന്റെ ഈ പരിപാടി നടന്നത്.