അബുദാബി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യുഎഇ. ഇനി മുതല്‍ വിവാഹവും മരണാനന്തര ചടങ്ങുകളും ഉള്‍പ്പെടെയുള്ള കുടുംബ ഒത്തുചേരലുകളില്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശം. യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 

ഇത്തരം ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നാണ് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തണം. വിവാഹ സല്‍ക്കാരത്തില്‍ ബുഫേ സംവിധാനം അനുവദിക്കില്ല. ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമെ ഉപയോഗിക്കാവൂ. ഉപയോഗിച്ച വസ്തുക്കള്‍ ശരിയായ രീതിയില്‍ ശുചീകരിക്കണം. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം 60-80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ വെള്ളം ഉപയോഗിച്ച് കൈകളും പ്രതലങ്ങളും കഴുകണം. ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഖബര്‍സ്ഥാന്‍റെ ഗേറ്റില്‍ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.‌