Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

പെര്‍മിറ്റ് ലഭിക്കുന്ന തീയതി മുതല്‍ ഒരു മാസത്തേക്കാണ് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി. ഒരു മാസത്തിനുള്ളില്‍ ഖത്തറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും പെര്‍മിറ്റിനായി അപേക്ഷിക്കാം. 

application for Exceptional Entry Permit to Qatar starts today
Author
Doha, First Published Aug 1, 2020, 6:11 PM IST

ദോഹ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ ഖത്തറിലേക്കുള്ള മടങ്ങി വരവിനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയം എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ മടങ്ങിയെത്താം.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതനുസരിച്ച് മാത്രമെ മടക്കം സാധ്യമാകുകയുള്ളൂ. ഖത്തര്‍ ഐഡിയുള്ള വ്യക്തികള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ കമ്പനികള്‍ എന്നിവര്‍ക്കാണ് ഖത്തര്‍ പോര്‍ട്ടല്‍ മുഖേന റീ എന്‍ട്രിക്ക് അപേക്ഷിക്കാന്‍ അനുമതിയുള്ളത്. പെര്‍മിറ്റ് ലഭിക്കുന്ന തീയതി മുതല്‍ ഒരു മാസത്തേക്കാണ് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി. ഒരു മാസത്തിനുള്ളില്‍ ഖത്തറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും പെര്‍മിറ്റിനായി അപേക്ഷിക്കാം. 

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമായും ഉണ്ടാവണം. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. ജീവനക്കാര്‍ക്കായി തൊഴിലുടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കായി സ്‌പോണ്‍സര്‍ അല്ലെങ്കില്‍ അംഗങ്ങള്‍ക്ക് നേരിട്ടും വിവരങ്ങള്‍ നല്‍കി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, എത്ര ദിവസം അവിടെ താമസിച്ചു, താമസത്തിന്റെ തെളിവ്, ഇ-മെയില്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൃത്യമായി നല്‍കണം. ഖത്തറില്‍ നിന്ന് അവസാനമായി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം പാസ്‌പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച പേജിന്റെ പകര്‍പ്പ് തെളിവായി സമര്‍പ്പിക്കാം. 

റീ എന്‍ട്രി പെര്‍മിറ്റ്, ഖത്തര്‍ റെസിഡന്റ് പെര്‍മിറ്റ്, ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഹോട്ടല്‍ ക്വാറന്‍റീന്‍ ബുക്കിങ് രേഖ എന്നിവയാണ് മടങ്ങി വരുന്നവരുടെ കൈവശം ഉണ്ടാകേണ്ട രേഖകള്‍. കൂടാതെ അംഗീകൃത കൊവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മടങ്ങിയെത്തുന്നവരുടെ കൈവശം ഉണ്ടാകണം. 

അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ല എങ്കില്‍ യാത്രയ്ക്ക് മുമ്പ് Discover Qatar വെബ്‌സൈറ്റിലൂടെ ക്വാറന്റീനിനായി ഹോട്ടല്‍ ബുക്ക് ചെയ്യണം. ഖത്തറിലെത്തി സ്വന്തം ചെലവില്‍ വേണം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയാന്‍. ഇന്ത്യയില്‍ നിലവില്‍ ഖത്തര്‍ അംഗീകൃത കൊവിഡ്-19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ദോഹയിലെത്തി 7 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. 

ഇന്ത്യയിലെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ ഖത്തര്‍ പ്രഖ്യാപിച്ചാല്‍ യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 7 ദിവസം ഹോം ക്വാറന്റീന്‍ മതിയാകും. ഖത്തര്‍ പുറത്തിറക്കിയ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹോട്ടല്‍ സൗകര്യം ബുക്ക് ചെയ്യണം. ഇവര്‍ ഖത്തറിലെത്തിയാല്‍ കൊവിഡ് പരിശോധന നടത്തണം. പോസിറ്റീവായാല്‍ ഐസൊലേഷനിലേക്കും നെഗറ്റീവ് ഫലമാണെങ്കില്‍ ഹോട്ടലില്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്‍റീനിലും പ്രവേശിക്കണം.

പെര്‍മിറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 109 എന്ന ഗവണ്‍മെന്‍റ് കോണ്‍ടാക്ട് നമ്പറില്‍ വിളിക്കാം. ഖത്തറിന് പുറത്തുള്ളവര്‍ +974 44069999 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

Follow Us:
Download App:
  • android
  • ios