പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രകോപരമായി നൃത്തം ചെയ്ത നിയമനടപടി നേരിട്ട നടിക്ക് യുഎഇ മാപ്പ് നല്‍കി. മൊറോക്കന്‍ നടിയായ മറിയം ഹുസൈനാണ് യുഎഇ ഭരണകൂടത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

2017ല്‍ അമേരിക്കന്‍ റാപ്പര്‍ തൈഗയ്ക്കൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.  തുടര്‍ന്ന് 2018 ഫെബ്രുവരിയില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒരു മാസത്തെ തടവും തുടര്‍ന്ന് നാടുകടത്തല്‍ ശിക്ഷയും അനുഭവിക്കേണ്ടിയിരുന്ന മറിയം ഹുസൈന് യുഎഇ ഭരണകൂടം മാപ്പ് നല്‍കുകയായിരുന്നു. 

തനിക്കെതിരെ ചുമത്തിയ കുറ്റം ഇവര്‍ നേരത്തെ നിഷേധിച്ചിരുന്നു. സംഗീത പരിപാടിക്കിടെ ഗായകന്‍ തന്റെ പിന്നിലായിരുന്നുവെന്നും അയാള്‍ തന്റെ അടുത്ത് വന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് നടി വാദിച്ചത്. പിന്നില്‍ നടന്ന കാര്യങ്ങള്‍ താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മാപ്പ് അനുവദിച്ചതില്‍ യുഎഇ ഭരണകൂടത്തോടും രാഷ്ട്ര നേതാക്കളോടും നടി നന്ദി അറിയിച്ചു.