സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വ്യാഴാഴ്‍ച വീണ്ടും ഹൂതികളുടെ വ്യോമാക്രമണമുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണാണ് ആക്രമണം നടത്താനൊരുങ്ങിയത്. എന്നാല്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു.

സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. ജനങ്ങളെയും അവരുടെ വസ്‍തുവകകളും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അറബ് സഖ്യസേനാ വക്താവ് പ്രതികരിച്ചു. സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ യുഎഇയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഒ.ഐ.സിയും ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിക്കുന്നതായും യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona