പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും കൂടുതൽ പ്രതികളുടെ പങ്കിനെക്കുറിച്ചും വ്യക്തത വരുത്താൻ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യും.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസിന് കൈമാറിയത്. പ്രതിയായ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പോലീസിന് കർശന നിർദ്ദേശം നൽകി. ബിനുവിന് രക്തസമ്മർദ്ദം വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് മജിസ്ട്രേറ്റിന്റെ ഇടപെടൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് വേണം ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വർക്കല ഇളകമൺ സ്വദേശി ലെനിൻ രാജ്, നെയ്യാറ്റിൻകര തെക്കുമ്പുറം കാവിന് സമീപം ജി ആർ നന്ദു, നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി രാഹുൽ രാജൻ, നെടുമങ്ങാട് തറട്ട സ്വദേശി രാഹുൽ, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു വൻ സംഘർഷം അരങ്ങേറിയത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ.ഡി വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും കൂടുതൽ പ്രതികളുടെ പങ്കിനെക്കുറിച്ചും വ്യക്തത വരുത്താൻ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.