കുവൈത്തിലെ ജാബർ അൽ-അഹമ്മദ് സിറ്റിയിൽ ലൈസൻസില്ലാതെ മെഡിക്കൽ പ്രാക്ടീസ് നടത്തിയ അസർബൈജാൻ സ്വദേശിനിയായ യുവതി അറസ്റ്റിലായി. ഇവർ വീട് ഒരു ക്ലിനിക്കായി മാറ്റി രോഗികളെ ചികിത്സിക്കുകയും സ്വയം നിർമ്മിച്ച മൂലികാ മരുന്നുകൾ വിൽക്കുകയും ചെയ്തുവരികയായിരുന്നു. പരിശോധനയിൽ അധികൃതർ ഇവരെ കയ്യോടെ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ മെഡിക്കൽ പ്രാക്ടീസ് നടത്തിയ യുവതി പിടിയിൽ. ജാബർ അൽ-അഹമ്മദ് സിറ്റിയിലുള്ള വീട് പണം ഈടാക്കി ആരോഗ്യ കേന്ദ്രമാക്കി മാറ്റിയാണ് അസർബൈജാൻ സ്വദേശിനി വ്യാജ മെഡിക്കൽ പ്രാക്ടീസ് നടത്തിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി-ഫോർജറി ആന്റ് കൗണ്ടർഫീറ്റിംഗ് ക്രൈംസ് ഡിപ്പാർട്ട്‌മെന്റാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആവശ്യമായ യോഗ്യതകളോ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള ലൈസൻസോ ഇല്ലാതെ പ്രതി ആളുകളെ പരിശോധിക്കുകയും മെഡിക്കൽ ഉപദേശങ്ങൾ നൽകുകയും മൂലികാ മരുന്നുകൾ തയ്യാറാക്കി വിൽപന നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചത്. നിയമപരമായ അനുമതി ലഭിച്ചതിനെ തുടർന്ന് വനിതാ പൊലീസിന്‍റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ, ലൈസൻസില്ലാതെ ചികിത്സ നടത്തുന്നതിനിടെ പ്രതിയെ അധികൃതർ കയ്യോടെ പിടികൂടുകയായിരുന്നു. ഇവർ താമസിച്ചിരുന്ന വീട് ഒരു ക്ലിനിക്കിന് സമാനമായാണ് സജ്ജീകരിച്ചിരുന്നത്. കൂടാതെ വീടിന്റെ ഒരു ഭാഗം വ്യാജ മരുന്നുകൾ ഉണ്ടാക്കുന്നതിനും അവയിൽ ലേബലുകൾ ഒട്ടിക്കുന്നതിനുമായി മാറ്റിവെച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി.