ചുവപ്പ് നിറത്തിലുള്ള പെട്ടിയിലുള്ള സ്പീക്കര്‍ പുറത്തെടുത്ത് തന്റെ പോക്കറ്റില്‍ ഭദ്രമാക്കി വെയ്ക്കുകയാണ് ജീവനക്കാരന്‍. ഒരു വനിതാ യാത്രക്കാരിയുടേതായിരുന്നു ലഗേജ്. സംഭവം വീഡിയോയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരന്‍ ജീവനക്കാരെ വിവരമറിയിച്ചു.
മാട്രിഡ്: വിമാനത്തില്‍ ലഗേജ് കയറ്റുന്നതിനിടെ സാധനങ്ങള്‍ മോഷ്ടിച്ച എയര്‍പോര്‍ട്ട് ജീവനക്കാരനെ മറ്റൊരു യാത്രക്കാരന്‍ ക്യാമറയില്‍ കുടുക്കി. സ്പെയിനിലെ ഇബിസയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പരക്കുന്നത്. ട്രോളിയില്‍ ലഗേജുകള്‍ വിമാനത്തിനടുത്തേക്ക് കൊണ്ടുവന്ന ശേഷം ഒരു ബാഗ് തുറന്ന് സ്പീക്കര്‍ മോഷ്ടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
പ്രദേശിക മാധ്യമങ്ങളാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. ചുവപ്പ് നിറത്തിലുള്ള പെട്ടിയിലുള്ള സ്പീക്കര്‍ പുറത്തെടുത്ത് തന്റെ പോക്കറ്റില്‍ ഭദ്രമാക്കി വെയ്ക്കുകയാണ് ജീവനക്കാരന്‍. ഒരു വനിതാ യാത്രക്കാരിയുടേതായിരുന്നു ലഗേജ്. സംഭവം വീഡിയോയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരന്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കള്ളനെ കൈയ്യോടെ പിടികൂടി. മോഷ്ടിച്ച സാധനം യാത്രക്കാരിക്ക് തിരികെ നല്‍കുകയും ചെയ്തു. വിമാനത്താവളത്തില്‍ ഇയാള്‍ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രമേ ആയിരുന്നുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
തന്റെ മകന് ജന്മദിന സമ്മാനമായാണ് താന്‍ സ്പീക്കര്‍ വാങ്ങിയതെന്നും അത് തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും യാത്രക്കാരി പ്രതികരിച്ചു. ഈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു.
