മനാമ: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് നിര്‍ബന്ധമാക്കിയ കൊവിഡ് പരിശോധന ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്ന് ബഹ്റൈന്‍ കേരളീയ സമാജം. സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ തീരുമാനം അനുസരിച്ച് ജൂണ്‍ 25 മുതലാണ് കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ ഇതിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍, നോര്‍ക്ക അധികൃതര്‍ എന്നിവര്‍ക്ക് കത്തയച്ചതായി ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ്  പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു.  

 ഗള്‍ഫില്‍ ഇന്നും(വെള്ളിയാഴ്ച) നാളെയും പൊതു അവധി ദിവസങ്ങളാണ്. അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയിലോ വിദേശകാര്യാലയത്തിലോ ജൂണ്‍ 21ന് മാത്രമാണ് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനാവുക. അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ച് ദില്ലിയില്‍ നിന്നുള്ള അനുമതിക്കായി അയയ്ക്കാന്‍ രണ്ടു ദിവസത്തെ സമയം വേണ്ടി വരും. അപേക്ഷകളിലെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ദില്ലിയിലെ വിദേശകാര്യ മന്ത്രാലയം സാധാരണയായി കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും സമയമെടുക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതിന് ശേഷം ലാന്‍ഡിങ് പെര്‍മിറ്റ് അല്ലെങ്കില്‍ സ്ലോട്ട് ലഭിക്കാനായി എയര്‍ലൈന്‍സിന് ഡിജിസിഎയില്‍(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇതിനായി 24 മണിക്കൂറെങ്കിലും വേണ്ടി വരും. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ജൂണ്‍ 21ന് അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ജൂണ്‍ 29തിനോ 30 തിനോ മുമ്പ് വിമാനത്തിന് പുറപ്പെടാനാകില്ലെന്ന് ബഹ്റൈന്‍ കേരളീയ സമാജം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തിലേക്കുള്ള മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് കേരളീയ സമാജത്തിന് ഇന്നലെ അനുമതി ലഭിച്ചത്. നാളെ പുലര്‍ച്ചെ 4 മണിക്കും 5 മണിക്കും ഇടയിലാണ് ഈ വിമാനങ്ങള്‍ കേരളത്തിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരമുള്ള കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ യാത്രക്കാരുടെ കൈവശമില്ലാത്തതിനാല്‍ ഗള്‍ഫ് എയര്‍ അധികൃതര്‍ ഈ വിമാനങ്ങളുടെ യാത്ര നിര്‍ത്തി വെക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ കൊവിഡ‍് പരിശോധന വൈകിപ്പിച്ചതോടെ യാത്ര മുടങ്ങിയ ഈ വിമാനങ്ങള്‍ക്ക് പുറപ്പെടുന്നതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചതായി ബഹ്റൈന്‍ കേരളീയ സമാജത്തിന്‍റെ കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പരിശോധന വൈകിപ്പിച്ച നടപടി ജൂണ്‍ 30 വരെയെങ്കിലും നീട്ടി വെക്കണമെന്നാണ് കേരളീയ സമാജത്തിന്‍റെ ആവശ്യം.