പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി ഇതിന് ശേഷമാണ് മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
കൊല്ലം :ഷാർജയിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം തുടങ്ങി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം . പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ഇന്ന് രാവിലെയാണ് ഷാർജയിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. തൂങ്ങിമരണമെന്നായിരുന്നു നിഗമനം. എന്നാൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഭർത്താവ് സതീഷിൻ്റെ ശാരീരിക മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിൻ്റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു. സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. പ്രതിയെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് എഎസ്പി പറഞ്ഞു.
മൃതദേഹത്തിനൊപ്പം അതുല്യയുടെ സഹോദരി അഖിലയും അഖിലയുടെ ഭർത്താവും നാട്ടിൽ എത്തി. അതുല്യയുടെ മരണത്തില്‍ ഫോറൻസിക് ഫലം ലഭിച്ചിരുന്നു. മരണത്തിൽ മറ്റു അസ്വാഭാവികതകൾ ഇല്ലെന്നാണ് സൂചന. അതുല്യയുടെ രേഖകൾ ഭർത്താവ് ഇന്ത്യൻ കോൺസുലേറ്റിനെ ഏല്പിച്ചിരുന്നു. 19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. 29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷാർജയിലെ ഫ്ലാറ്റിൽ വെച്ച് സതീഷിൽ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഷാര്‍ജയിലുള്ള അതുല്യയുടെ ഭര്‍ത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. 11 വര്‍ഷമായി അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
