ദുബൈ: യുഎഇയിലെ അതിപ്രശസ്തമായ ബുർജ് ഖലീഫയിൽ ഇക്കുറി ഇന്ത്യയുടെ ത്രിവർണ പതാക തെളിഞ്ഞില്ല. ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനമായ ഇന്നലെ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ പതാക തെളിയുന്നത് കാത്തിരുന്നവർ നിരാശരായി. എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനങ്ങളിൽ, അവരുടെ പതാക പ്രദർശിപ്പിച്ച് ബുർജ് ഖലീഫയിൽ ലേസർ ഷോ നടക്കാറുണ്ട്.

പല തവണ ഇന്ത്യയുടെ ത്രിവർണ പതാക ബുർജ് ഖലീഫയിൽ തെളിഞ്ഞിട്ടമുണ്ട്. എന്നാൽ  ഇത്തവണ ഇന്ത്യൻ പതാക കാണിക്കാൻ സാധിക്കാത്തത് സാങ്കേതിക തകരാറുകൾ മൂലമാണെന്ന് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ട്വിറ്ററിൽ അറിയിച്ചു.

“ഒരു സാങ്കേതിക തകരാറു മൂലം ഇത്തവണ ബുർജ് ഖലീഫയിൽ ഇന്ത്യൻ ത്രിവർണ്ണ പതാക കാണിക്കാൻ കഴിയില്ല എന്ന് എമാറിലെ സുഹൃത്തുക്കൾ വഴി ഇപ്പോൾ അറിയാൻ കഴിഞ്ഞു.  ഇത് കാണാൻ കാത്തിരിക്കുന്നവർ തീർച്ചയായും നിരാശരാകും,” യു എ ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി കുറിച്ചു.