വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവതിക്ക് ദുബായിയില്‍ ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ രഹ്നാ ജാസ്മിനാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവതിക്ക് ദുബായിയില്‍ ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ രഹ്നാ ജാസ്മിനാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. 2015 ആഗസ്റ്റ് 24ന് രാത്രി ദുബായ് മറീനാ മാളിനടുത്തായിരുന്നു കേസിനാസ്പദമായ വാഹനാപകടം. ഭർത്താവിന്‍റെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിലേക്ക് കാറിൽ പോകവേയാണ് അപകടം.
രഹ്നയും സുഹൃത്തിന്‍റെ ഭാര്യയും കുട്ടിയും പിൻസീറ്റിലാണ് ഇരുന്നിരുന്നത്. അപകടത്തിൽ കാറോടിച്ചിരുന്ന ഭർത്താവിന്‍റെ സുഹൃത്തും അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള കുട്ടിയും മരിക്കുകയും രഹ്നയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും സാരമായ പരുക്കേൽക്കുകയുമായിരുന്നു. ഇവരെ 24 ദിവസം ദുബായ് റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു.
ബോധം തിരിച്ചുകിട്ടിയപ്പോൾ ശസ്ത്രക്രിയക്കും വിധേയായി. പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി. തുടർന്ന് ഇൻഷുറൻസ് കമ്പനിക്കെതിരെ 50 ലക്ഷം ദിർഹം നഷ്ടപരിഹാരത്തിന് ദുബായിലെ അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയൻ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന സിവിൽ കേസ് ഫയൽ ചെയ്തു.
ഈ കേസില്‍ ദുബായ് കോടതി ഏഴ് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. തുക മതിയായ നഷ്ടപരിഹാരമല്ലാത്തതിനാൽ അപ്പീൽ കോടതിയെ സമീപിക്കുമെന്ന് അഡ്വക്കറ്റ് അറിയിച്ചു.
