ദുബായ്: പള്ളിയില്‍ വെച്ച് ആണ്‍കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച വിദേശിയുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചു. പള്ളിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന ബംഗ്ലാദേശ് പൗരന് നേരത്തെ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. രണ്ട് വര്‍ഷം കൂടി ശിക്ഷ ദീര്‍ഘിപ്പിക്കാനാണ് വ്യാഴാഴ്ച അപ്പീല്‍ കോടതി വിധിച്ചത്.

ജൂണ്‍ നാലിനായിരുന്നു സംഭവം. ഏഴ് വയസുകാരനായ അഫ്‍ഗാന്‍ ബാലന്‍ അമ്മയ്ക്കൊപ്പമാണ് പള്ളിയിലെത്തിയത്. വെള്ളം കുടിയ്ക്കാനായി കുട്ടി അമ്മയുടെ സമീപത്തുനിന്ന് മാറിയ സമയത്താണ് പ്രതി, കുട്ടിയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈറ്റുകള്‍ ഓഫ് ചെയ്ത ശേഷം പീഡിപ്പിച്ചത്. മാതാപിതാക്കളോട് വിവരം പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരിഭ്രാന്തനായാണ് മകന്‍ മടങ്ങിവന്നതെന്ന് അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ ആശ്വസിപ്പിച്ചപ്പോള്‍ അവന്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു.  ആരോടും പറയാതിരുന്നാല്‍ മിഠായിയും കളിപ്പാട്ടങ്ങളും നല്‍കാമെന്ന് ഇയാള്‍ പറഞ്ഞതായും കുട്ടി അമ്മയെ അറിയിച്ചു. ഇതിനിടയില്‍ തന്നെപ്രതി കുറച്ച് കളിപ്പാട്ടങ്ങളും മിഠായിയുമായി പ്രതി അവര്‍ക്കരികിലെത്തുകയും ചെയ്തു.

അമ്മ ബഹളം വെച്ചപ്പോള്‍ ഇയാള്‍ മാപ്പ് ചോദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിനെയോ പൊലീസിനെയോ അറിയിക്കരുതെന്നായിരുന്നു യാചന. ഇത് അവഗണിച്ച അമ്മ പൊലീസില്‍ വിവരമറിയിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. സെപ്‍തംബറില്‍ വിചാരണ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് അപ്പീല്‍ കോടതിയിലെത്തിയപ്പോള്‍ ശിക്ഷ അഞ്ച് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്തും.