വനിതാ വിമാനയാത്രക്കാരേയും മറ്റും ഉപയോഗിച്ച് ശരീരത്തിലും അടി വസ്ത്രത്തിലും ഒളിപ്പിച്ച് കടത്തുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം നസീമും തഹീമും ചേര്‍ന്നാണ് വേര്‍തിരിച്ച് നല്‍കിയിരുന്നത്. 600 കിലോയോളം കള്ളക്കടത്ത് സ്വര്‍ണ്ണം മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 140 കോടി രൂപ വില വരുമിതിന്

കോഴിക്കോട്: കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘത്തിലെ അഞ്ച് പേര്‍ക്കെതിരെ കോഫെ പോസ ചുമത്തി. ഗള്‍ഫ് നാടുകളില്‍ നിന്ന് കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം വേര്‍തിരിക്കുന്ന കേന്ദ്രം നടത്തിയവര്‍ക്ക് എതിരെയാണ് നടപടി. എന്നാല്‍ രണ്ട് പേര്‍ ഡി ആര്‍ ഐയുടെ കണ്ണ് വെട്ടിച്ച് ഗള്‍ഫിലേക്ക് കടന്നു.

കള്ളക്കടത്ത് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യ കേന്ദ്രം കോഴിക്കോട് നീലേശ്വരത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കേന്ദ്രം റെയ്ഡ് ചെയ്ത ഡി.ആര്‍.ഐ നൂഞ്ഞിക്കര വീട്ടില്‍ ചെറിയാവ എന്ന നസീം, സഹോദരന്‍ വലിയാവ എന്ന തഹീം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ സംഘത്തിലുള്ള മാനിപുരം കരീറ്റിപറമ്പ് സ്വദേശി ഉണ്ണാറച്ചംവീട്ടില്‍ മുഹമ്മദ് ഷാഫി, ആവിലോറ ആലപ്പുറായില്‍ ഷമീര്‍ അലി, കൊടുവള്ളി തെക്കേകന്നിപൊയില്‍ സുഫിയാന്‍ എന്നിവര്‍ക്കെതിരേയും കോഫെപോസ ചുമത്തിയിട്ടുണ്ട്. ഇതില്‍ ഷമീര്‍ അലിയും സുഫിയാനും ദുബായിലേക്ക് കടന്നതായാണ് ഡി.ആര്‍.ഐ വ്യക്തമാക്കുന്നത്. ഷാഫിയെ കൊടുവള്ളിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. കൊഫെപോസ ചുമത്തിയത് കൊണ്ട് തന്നെ പിടിക്കപ്പെട്ടവര്‍ ഒരു വര്‍ഷം കരുതല്‍ തടങ്കലിലായിരിക്കും.

ഷാഫി, ഷമീര്‍ അലി, സുഫിയാന്‍ എന്നിവര്‍ വാഹകരെ ഉപയോഗിച്ച് വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്തുകയായിരുന്നു. വനിതാ വിമാനയാത്രക്കാരേയും മറ്റും ഉപയോഗിച്ച് ശരീരത്തിലും അടി വസ്ത്രത്തിലും ഒളിപ്പിച്ച് കടത്തുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം നസീമും തഹീമും ചേര്‍ന്നാണ് വേര്‍തിരിച്ച് നല്‍കിയിരുന്നത്. 600 കിലോയോളം കള്ളക്കടത്ത് സ്വര്‍ണ്ണം മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 140 കോടി രൂപ വില വരുമിതിന്.