Asianet News MalayalamAsianet News Malayalam

സൗദിയിലും കോളേജ് ബസില്‍ ഡ്രൈവറുടെ അഭ്യാസം; കാലുകൊണ്ട് സ്റ്റിയറിങ് തിരിച്ച ഡ്രൈവര്‍ക്ക് ഒടുവില്‍ സംഭവിച്ചത്...

ബിശ വിമണ്‍സ് ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസിലായിരുന്നു ഡ്രൈവറുടെ അഭ്യാസം. കഴിഞ്ഞ ദിവസം രാവിലെ വിദ്യാര്‍ത്ഥിനികളെയും കൊണ്ട് കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ ഡ്രൈവിങ് സീറ്റിലിരുന്ന് തന്റെ കാല്‍ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. 

college bus driver arrested for negligence in Saudi Arabia after his video went viral
Author
Riyadh Saudi Arabia, First Published Dec 10, 2019, 12:50 PM IST

റിയാദ്: കോളേജ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസില്‍ ഡ്രൈവറുടെ അഭ്യാസം സൗദിയിലും. ബിശയില്‍ ഒരു ഡ്രൈവര്‍ കാലുകള്‍ കൊണ്ട് ബസിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബിശ വിമണ്‍സ് ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസിലായിരുന്നു ഡ്രൈവറുടെ അഭ്യാസം. കഴിഞ്ഞ ദിവസം രാവിലെ വിദ്യാര്‍ത്ഥിനികളെയും കൊണ്ട് കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ ഡ്രൈവിങ് സീറ്റിലിരുന്ന് തന്റെ കാല്‍ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. വീഡിയോ ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം നടത്തി, രണ്ട് മണിക്കൂറിനകം  ഡ്രൈവറെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇതിന് പുറമെ ഗുരുതരമായ ഗതാഗത നിയമലംഘന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന പ്രത്യേക അതോരിറ്റിക്കും കേസ് കൈമാറിയിട്ടുണ്ട്. ഡ്രൈവര്‍ക്ക് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുന്നതിനാണിത്. ഡ്രൈവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ബിശ യൂണിവേഴ്‍സിറ്റിയെയും പൊലീസ് അറിയിച്ചു.

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി പ്രത്യേക കമ്പനിയെയാണ് അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നത്. ഈ കമ്പനിയാണ് ഡ്രൈവറെ നിയമിച്ചത്. ഇയാള്‍ക്ക് പകരം മറ്റൊരു ഡ്രൈവറെ കമ്പനി നിയോഗിച്ചു. സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നയുടന്‍ തന്നെ ശക്തമായ നടപടികള്‍ സ്വീകരിച്ച പൊലീസിനെ നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios