അതീവ സൂക്ഷമമായി നിര്‍മ്മിച്ച ഹാക്കിങ് സംവിധാനങ്ങളുപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ അലെക്സ് ക്രൂസ് പറഞ്ഞു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ അഞ്ച് വരെ ടിക്കറ്റെടുത്ത 3,80,000ല്‍ പരം പേരുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയിട്ടുണ്ട്.
ലണ്ടന്‍: ഓണ്‍ലൈന്‍ വഴി വിമാന ടിക്കറ്റെടുത്ത 3.8 ലക്ഷം പേരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഉപഭോക്താക്കളോട് മാപ്പുചോദിച്ച് ബ്രിട്ടീഷ് എയര്‍വേയ്സ് അധികൃതരും രംഗത്തെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കമ്പനിയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവയിലൂടെ ഇടപാടുകള്‍ നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.
അതീവ സൂക്ഷമമായി നിര്‍മ്മിച്ച ഹാക്കിങ് സംവിധാനങ്ങളുപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ അലെക്സ് ക്രൂസ് പറഞ്ഞു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ അഞ്ച് വരെ ടിക്കറ്റെടുത്ത 3,80,000ല്‍ പരം പേരുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി മനസിലായതോടെ ഓരോ ഉപഭോക്താവിനെയും നേരിട്ട് ബന്ധപ്പെടുകയാണ് കമ്പനി ഇപ്പോള്‍. ഉപഭോക്താക്കളുടെ പേര്, വിലാസം, ഇ-മെയില്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, എക്സ്പെയറി ഡേറ്റ്, സെക്യൂരിറ്റി കോഡ് തുടങ്ങിയവയെല്ലാം ചോര്‍ന്നിട്ടുണ്ട്. ഇവ ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാവുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെ ബ്രിട്ടീഷ് എയര്‍വേയ്സിന്റെ മാതൃകമ്പനിയായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞു.
ഇത്രയധികം പേരുടെ വിവരങ്ങള്‍ എങ്ങനെ ചോര്‍ത്തിയെന്ന് വ്യക്തമല്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്കുമായോ അല്ലെങ്കില്‍ കാര്‍ഡ് കമ്പനിയുമായോ ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കണം. ആര്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് കമ്പനി നഷ്ടപരിഹാരം നല്‍കും. ആരുടെയും പാസ്പോര്‍ട്ട്, യാത്രാ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു.
