ഒട്ടകത്തിന്‍റെ കാല്‍ഭാഗം മുഴുവനായും മണ്ണിനടിയിലായിരുന്നു. സമയോചിതമായി ഇടപെട്ട ഇവര്‍ ഉടന്‍ തന്നെ മണല്‍ മാറ്റി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇത് കണ്ട് സമീപത്തുള്ളവരും ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ദുബൈ: മരുഭൂമിയിലെ മണല്‍ചുഴിയില്‍ അകപ്പെട്ട ഒട്ടകത്തെ രക്ഷപ്പെടുത്തി ദമ്പതികള്‍. ദുബൈയില്‍ താമസിക്കുന്ന അയര്‍ലന്‍ഡ് സ്വദേശികളായ ഇയാന്‍ മര്‍ഫി, ക്രിസ്റ്റ്യന്‍ വില്‍സണ്‍ എന്നിവരാണ് ഒട്ടകത്തിന് രക്ഷകരായത്.

റാസല്‍ഖൈമയിലായിരുന്നു സംഭവം ഉണ്ടായത്. ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് സഞ്ചരിക്കുകയായിരുന്നു ദമ്പതികള്‍. ഡോഗ് പാര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ഒട്ടകം മണലില്‍ പൂണ്ടു കിടക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒട്ടകത്തിന്‍റെ കാല്‍ഭാഗം മുഴുവനായും മണ്ണിനടിയിലായിരുന്നു. സമയോചിതമായി ഇടപെട്ട ഇവര്‍ ഉടന്‍ തന്നെ മണല്‍ മാറ്റി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇത് കണ്ട് സമീപത്തുള്ളവരും ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഒട്ടകത്തിന്‍റെ മുന്‍കാലുകള്‍ തളര്‍ന്ന നിലയിലായിരുന്നു. ദമ്പതികള്‍ക്കൊപ്പം 15ഓളം ആളുകളും ഒട്ടകത്തെ രക്ഷിക്കാന്‍ കൂടി. തുടര്‍ന്ന് ഒട്ടകത്തെ രക്ഷപ്പെടുത്തിയ ഇവര്‍ അതിന് ആവശ്യമായ പരിചരണം നല്‍കിയ ശേഷം വിട്ടയച്ചു.

ഒട്ടകങ്ങള്‍ വഴിതെറ്റി ഇവിടെ എത്തിയതാകാമെന്നാണ് കരുതുന്നത്. ഒട്ടകത്തിന്‍റെ ഉടമകളും സ്ഥലത്തെത്തിയിരുന്നു. ഒട്ടകത്തിന്‍റെ ജീവന്‍ രക്ഷിച്ചതിന് പകരമായ ഇവര്‍ ഒരു ആട്ടിന്‍ കുട്ടിയെയും രണ്ട് പക്ഷികളെയും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയെങ്കിലും തങ്ങള്‍ മൃഗങ്ങളെ വളര്‍ത്താറില്ലെന്ന് പറഞ്ഞ് ഇവര്‍ ഇത് നിരസിച്ചു. ഒട്ടകത്തിന്‍റെ ഉടമകള്‍ നിര്‍ബന്ധിച്ചതോടെ അവരുടെ സല്‍ക്കാരം സ്വീകരിക്കാന്‍ തയ്യാറായി.