റിയാദ്: സൗദിയില്‍ വ്യാപാര സ്ഥാപനത്തിലെ ട്രോളിയില്‍ തുപ്പിയതിന് വെള്ളിയാഴ്ച അറസ്റ്റിലായ വിദേശ പൗരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് വ്യാപാര കേന്ദ്രത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഉണ്ടായിരുന്ന എല്ലാവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയക്കാന്‍ പ്രവശ്യ ഗവര്‍ണര്‍ നിര്‍ദേശിച്ചു. അല്‍ബാഹ പ്രവിശ്യയിലെ ബല്‍ജൂറഷിയില്‍ വ്യാപാര കേന്ദ്രത്തിലെ ട്രോളിയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച വിദേശി തുപ്പിയത്. സിസിടിവി ദ്രശ്യങ്ങള്‍ പരിശോധിച്ചു പ്രതിയെ സംഭവ ദിവസം തന്നെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
മനഃപൂര്‍വം ചെയ്തതിനാല്‍ പ്രതിക്കെതിരെ ക്രിമിനല്‍ കുറ്റവും ചുമത്തിയിരുന്നു.

ഇയാള്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വ്യാപാര കേന്ദ്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ ഏഴുവരെയുണ്ടായിരുന്ന മുഴുവന്‍ ഉപഭോക്താക്കളോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ഒപ്പം അയാളോട് അടുത്ത് ഇടപഴകിയ 47 പേരോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യ ഗവര്‍ണര്‍ അറിയിച്ചു. സ്ഥാപനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിടുകയും അണുവിമുക്തമാക്കുകയും ചെയ്തു.