മസ്കത്ത്: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിൽ രാജ്യത്ത്  12,642 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി പറഞ്ഞു. 1,713 പേർ  മന്ത്രാലയത്തിന്റെ നേരിട്ടുള്ള ക്വാറന്റൈന്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവരെ തങ്ങളുടെ വീടുകളിൽ തന്നെ മാറ്റിപാർപ്പിച്ച് നിരീക്ഷിക്കുകയാണ്.  രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ  പരമാവധി ശ്രമിക്കുന്നതായും ഞായറാഴ്ച ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. കൊവിഡ് വൈറസ് പടർന്നു പിടിക്കുന്നത് തടയുന്നതിന് ഒമാൻ സർക്കാർ കൂടുതൽ കർശന നടപടികൾ കൈക്കൊള്ളും. കർഫ്യൂ ഏർപ്പെടുത്താൻ രാജ്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുവാൻ ഇനിയും കടുത്ത നടപടികൾ സ്വീകരിക്കാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചേക്കുമെന്നും മന്ത്രി അഹമ്മദ് അൽ സൈദി  സൂചന നൽകി.ഇതുവരെ സുപ്രിം കമ്മറ്റിയുടെ പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം  നിയന്ത്രിക്കുവാൻ ഒരു പരിധിവരെ സാധിച്ചുവെങ്കിലും സുപ്രിം കമ്മറ്റിയുടെ അടുത്ത മീറ്റിംഗിൽ  കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് പ്രഖ്യാപിക്കുവാനുള്ള സാധ്യത തള്ളിക്കളയുവാനാകില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.